വര്‍ഷങ്ങള്‍ക്ക് ശേഷം ആരണ്യകം ജോഡി വീണ്ടും ; ‘മുന്തിരി മൊഞ്ചന്‍’ വരുന്നു

കഥയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ കഥാകൃത്തുകള്‍ക്ക് ഒരു ഭാര്യയേയും ഭര്‍ത്താവിനേയും വേണം. അതിഥികളേപ്പോലെ വന്ന് കാണികളുടെ മനസില്‍ അതിഥികളഅല്ലാതെ മാറാന്‍ കഴിയുന്ന രണ്ടുപേര്‍. പലരേയും ആലോചിച്ചു.

ആലോചിച്ചവരാരും ഹൃദയത്തിലേക്ക് കടക്കില്ല എന്ന തോന്നല്‍. വീണ്ടും വീണ്ടും ആലോചിച്ചു. ഓപ്ഷനുകള്‍ മതിയാവാതെ വന്നു. ‘കണ്ണ് തൊട്ട് കരള് വരെ നിറഞ്ഞുനില്‍ക്കുന്നവര്‍ വേണം ‘ എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ മറ്റേയാളുടെ കണ്ണുവിടര്‍ന്നു. കണ്ണില്‍..എന്‍ കവിളില്‍ തൊട്ട് കടന്നുപോകുവതാരോ’ എന്ന് പാട്ട് ഓര്‍മ്മയില്‍ നിന്നെടുത്തു..

കടലാസിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ ഒരൊന്നൊന്നര ജോഡി ഓടിവന്നു. ദേവന്‍-സലീമ.. ‘ആരണ്യകം’ സിനിമയിലെ പരുക്കന്‍ നക്‌സലൈറ്റും അയാളെ പ്രണയിച്ച നുണക്കുഴിക്കാരിയും. മലയാളി പ്രേക്ഷകരുടെ മനസില്‍ ഇപ്പൊഴും തങ്ങിനില്‍ക്കുന്ന രണ്ട് കണ്ണു നീര്‍ത്തുള്ളികള്‍. ‘ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ’ എന്ന് പാട്ടുമൂളി പൂമ്പാറ്റയെപ്പോലെ പാറി നടന്ന സലീമ.

‘എനിക്കുള്ള സൗകര്യങ്ങള്‍ എനിക്കും മാത്രം പോരല്ലോ..?’ എന്ന് തീക്ഷ്ണമായ നോട്ടത്തിലൂടെ ചോദിച്ച ദേവന്‍. തിരക്കഥാകൃത്തുക്കളായ മനു ഗോപാലും മെഹറലി പൊയിലുങ്ങല്‍ ഇസ്മായീലും കൈകൊടുത്തു. സ്വതവേ പാട്ടുഭ്രാന്തനായ സംവിധായകന്‍ വിജിത്ത് നമ്പ്യാരുടെ മനസിലെ ടോപ്പ് ടെന്നില്‍ ‘ഒളിച്ചിരിക്കാന്‍’ ഉള്ളതുകൊണ്ട്, കേട്ടപാടെ അദ്ദേഹം ചാടിയെണീറ്റു. സിനിമ എങ്ങനെ വന്നാലും കുഴപ്പമില്ല, നല്ലതായാല്‍ മതി എന്ന കണ്ടീഷന്‍ മാത്രമുള്ള നിര്‍മ്മാതാവ് അശോകന്‍ പി.കെയും സന്തോഷത്തോടെ സമ്മതിച്ചു.

‘മുന്തിരി മൊഞ്ചന്‍’ സിനിമയിലൂടെ വര്‍ഷങ്ങള്‍ക്കിപ്പുറം ആ രണ്ടു പേരും വീണ്ടും ഒന്നിക്കുകയാണ് . സെറ്റില്‍ വച്ച് സലീമ തന്റെ ജീവിതം പറഞ്ഞു. കാലത്തിന്റെ നക്‌സല്‍ബാരിയിലൂടെ നടന്നുനീങ്ങിയ കഥ. സലീമ ആകെ മാറിയിരിക്കുന്നു. എന്നാലും, ഒരു കാലത്ത് കൗമാരത്തിന്റെ കരള് നുള്ളിയെടുത്ത പുഞ്ചിരി ഇപ്പൊഴും ഉണ്ട്. വള്ളിക്കുടിലുകള്‍ തേടി ഓടിനടന്ന പ്രസരിപ്പ് വിട്ടുപോയിട്ടില്ല. അവര്‍ ദേവനോട് ഒരുപാട് നേരം സംസാരിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യാമറയ്ക്ക് മുന്നില്‍ കമിതാക്കളായ കഥയൊക്കെ രണ്ടാളും പങ്കുവച്ചു. ഇനിയൊരു സിനിമയില്‍ ഒന്നിക്കുമെന്ന് കരുതിയതേയില്ലെന്ന് അവര്‍ പറഞ്ഞു.

ഒന്നിപ്പിക്കുന്നതും ഒറ്റയാക്കുന്നതും കാലമല്ലേ. ‘മുഞ്ചിരി മൊഞ്ചന്‍’ പറയുന്നതും അതു തന്നെയാണ്. ഒന്നിക്കുന്നതിന്റേയും ഒറ്റയാവുന്നതിന്റേയും കഥ. രസച്ചരടില്‍ കോര്‍ത്ത ഒരു കൊച്ചുകഥ. നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘മുന്തിരിമൊഞ്ചന്‍- ഒരു തവള പറഞ്ഞ കഥ’ ഒക്ടോബര്‍ 25 ന് തിയറ്ററുകളിലെത്തും.

യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ജോണറാണ്. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മ്മിക്കുന്ന മുന്തിരി മൊഞ്ചന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, കെ.എസ്.ചിത്ര, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍, ശ്രേയ ജയദീപ്, സുധാമയി നമ്പ്യാര്‍ എന്നിവര്‍ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സംവിധായന്‍ വിജിത്ത് നമ്പ്യാര്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയത്. മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍, കൈരാവി തക്കര്‍, സലിംകുമാര്‍, ഇന്നസന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍,ദേവന്‍, സലീമ തുടങ്ങിയവരാണ് ചിത്രത്തിലെ താരനിര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News