ഇത് രാജ്യത്തിന്റെ കാര്യമെന്ന് ധോണിയോട് ക്യാപ്റ്റന്‍ പറയണമെന്ന് ഗൗതം ഗംഭീര്‍; ധോണിയില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കണമെന്നും ഗംഭീര്‍

മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്കപ്പുറത്തേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ചിന്തിക്കേണ്ട സമയമായെന്ന് മുന്‍ ക്രിക്കറ്റ് താരവും ബി ജെ പി എം പിയുമായ ഗൗതം ഗംഭീര്‍. വിരമിക്കല്‍ തീര്‍ത്തും വ്യക്തിപരമായ തീരുമാനമാണ്. കളിക്കാന്‍ ആഗ്രഹിക്കുന്ന സമയം വരെ ഏതൊരു താരത്തിനും കളിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ ഭാവി കൂടി മുന്നില്‍കണ്ടു വേണം തീരുമാനങ്ങള്‍ എടുക്കാന്‍.- ഒരു ഇംഗ്ലീഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗൗതം ഗംഭീര്‍ പറഞ്ഞു. അടുത്ത ഏകദിന ലോകകപ്പ് 2023-ല്‍ ആണെന്നിരിക്കെ, ആ ടീമില്‍ എന്തായാലും ധോണി ഉള്‍പ്പെടില്ല. അടുത്ത വര്‍ഷത്തെ ട്വന്റി-20 ലോകകപ്പിലും ധോണിക്ക് അവസരമുണ്ടാകാന്‍ സാധ്യതയില്ല.

അതുകൊണ്ടു ക്യാപ്റ്റന്‍ കോഹ്ലിയോ മറ്റാരെങ്കിലുമോ ആകട്ടെ, ധോണിയോട് ഇക്കാര്യം തുറന്നുപറയാനുള്ള ധൈര്യമാണ് കാട്ടേണ്ടത്. യുവതാരങ്ങളെ വളര്‍ത്തികൊണ്ടു വരേണ്ട സമയമാണിത്. ടീം ഇന്ത്യയുടെ ഭാവിപദ്ധതികളില്‍ ധോണിയില്ലെന്നു അദ്ദേഹത്തോടു പറയാനുള്ള ആര്‍ജവം ക്യാപ്റ്റന്‍ കാണിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.

ഇതു ധോണിയുടെ മാത്രം കാര്യമല്ല, രാജ്യത്തിന്റെ കൂടെയാണ്. ലോകകപ്പ് ടീമില്‍ ധോണിയുണ്ടാകുമോ എന്നല്ല, അടുത്ത ലോകകപ്പ് ഇന്ത്യ നേടുമോ എന്നതാണ് പ്രധാനം. സഞ്ജു സാംസണെയും ഋഷഭ് പന്തിനെയും പോലുള്ള യുവതാരങ്ങളെ വളര്‍ത്തികൊണ്ടു വരേണ്ട സമയമാണിത്. അടുത്ത നാലോ അഞ്ചോ വര്‍ഷത്തേക്ക് ഇവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം. .ധോണിയില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമായെന്നും ഗംഭീര്‍ പറഞ്ഞു

ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോടു തോറ്റ് ഇന്ത്യ പുറത്തായതിനു പിന്നാലെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ധോണി. വെസ്റ്റ് ഇന്‍ഡീസിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരമ്പരകളില്‍ നിന്നും ധോണി സ്വയം പിന്മാറിയിരുന്നു. 106 ടെറിട്ടോറിയല്‍ ആര്‍മി പാരഷൂട്ട് റെജിമെന്റില്‍ ഓണററി ലഫ്റ്റനന്റ് കേണലായ ധോണി വിക്ടര്‍ ഫോഴ്‌സിനൊപ്പം സൈനിക സേവനത്തിനാണ് ക്രിക്കറ്റിനിന്ന് അവധിയെടുത്തത്. ഡിസംബറില്‍ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലായില്‍ ധോണി കളിക്കുമോയെന്നതും ഉറപ്പില്ല.

ധോണിയുടെ വിരമിക്കലിനെ സംബന്ധിച്ച ചര്‍ച്ചകള്‍ കായിക ലോകത്ത് സജീവമാണെങ്കിലും ധോണിയോ ക്യാപ്റ്റന്‍ കോഹ്ലിയോ ബി സി സി ഐ അധികൃതരോ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News