
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകളിലേക്കുള്ള സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിറ്റിങ് സീറ്റായ കല്‍വാന്‍, ദഹാനു, നാസിക് വെസ്റ്റ്, സോലാപുര്‍ സിറ്റി സെന്‍ട്രല്‍ എന്നീ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് തീരുമാനിച്ചത്. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. അശോക് ധാവ്ളെയാണ് ഇക്കാര്യം അറിയിച്ചത്. ‘ദ ഇന്ത്യന്‍ എക്സ്പ്രസ്’ പത്രത്തിനോട് സംസാരിക്കുകയായിരുന്നു ധാവ്ളെ.
സിറ്റിങ് എംഎല്‍എ ജെ പി ഗാവിത് കല്‍വാന്‍ മണ്ഡലത്തില്‍നിന്ന് തന്നെ മത്സരിക്കും. ദഹാനുവില്‍ വിനോദ് നിക്കോളെ, സോലാപുര്‍ സിറ്റി സെന്‍ട്രലില്‍ നരസയ്യ ആദം, നാസിക് വെസ്റ്റില്‍ ഡോ. ഡി എല്‍ കരദ് എന്നിവരാണ് മത്സരിക്കുക. ദഹാനുവിലും നാസിക് വെസ്റ്റിലും സിപിഐ എം സ്ഥാനാര്‍ഥികളെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസും എന്‍സിപിയും വ്യക്തമാക്കിയിട്ടുണ്ട്. കല്‍വാനിലും സോലാപുരിലും സൗഹൃദമത്സരമായിരിക്കും ഉണ്ടാകുകയെന്നും ധാവ്ളെ പറഞ്ഞു.
മതേതര ശക്തികളെ പിന്തുണച്ചുകൊണ്ടായിരിക്കും സിപിഐ എം ഈ തെരഞ്ഞെടുപ്പിനെ നേരിടുക. കാര്‍ഷിക മേഖലയിലടക്കം സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ പരാജയങ്ങള്‍ തുറന്നുകാണിച്ചുകൊണ്ടായിരിക്കും ഇടതുപക്ഷത്തിന്റെ പ്രചരണം. അഞ്ച് വര്‍ഷംകൊണ്ട് 15,000 കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം നടപ്പാക്കാത്തതാണ് കര്‍ഷകരെ ദുരിതത്തിലേക്ക് തള്ളിവിട്ടത്.
കാര്‍ഷിക നയങ്ങള്‍ രൂപീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരും ഇതേ സമീപനമാണ് തുടരുന്നത്. സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കവും, വരള്‍ച്ചയും നേരിടുന്നതില്‍ ബിജെപി സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാണിച്ചത്. ഇത് ജനങ്ങളുടെ മനസ്സിലുണ്ട്. ആദിവാസികളുടെ ഭൂപ്രശ്നവും വനാവകാശ നിയമവും കൃത്യമായി പരിഹരിക്കാന്‍ യാതൊരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
ഇടതുപക്ഷത്തിന്റെ പ്രസക്തി ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെടുന്ന സാഹചര്യമാണിത്. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ബിജെപിയും ആര്‍എസ്എസും ആണ്.അതിനെ പ്രതിരോധിക്കുക എന്നതാണ് ജനങ്ങളോട് നിറവേറ്റാനുള്ള പ്രഥമ കടമ. അത് കണക്കിലെടുത്താണ് കോണ്‍ഗ്രസും എന്‍സിപിയുമായും സഹകരിക്കുന്നത് ധാവ്ളെ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here