മരട് ഫ്‌ളാറ്റ്: സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്: മുഖ്യമന്ത്രി

മരട് മുനിസിപ്പല്‍ അതിര്‍ത്തിയില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് പുനരധിവാസം ഒരുക്കാനും നഷ്ടപരിഹാരം നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. അക്കാര്യത്തിലും കോടതി തീരുമാനം അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുകയാണ്.

ഫ്‌ളാറ്റില്‍നിന്ന് ഒഴിഞ്ഞുപോകേണ്ടി വരുന്നവര്‍ക്ക് പുനരധിവാസം നല്‍കുക എന്നത് സുപ്രീംകോടതി വിധി മാത്രമല്ല, മാനുഷികമായ പ്രശ്‌നം കൂടിയാണ്. അതുകൊണ്ടുതന്നെ അതില്‍ അവര്‍ക്ക് സഹായം നല്‍കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി തന്നെ കാണുന്നു. ഒഴിപ്പിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.

ഇതിനുള്ള തുടര്‍നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ സുപ്രീംകോടതി തന്നെ റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയോഗിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കുന്നതിനുള്ള തുക നിര്‍മാതാക്കളില്‍നിന്ന് ഈടാക്കുന്നതും നിര്‍മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതും ഈ സംവിധാനത്തിന്റെ ഭാഗമായാണ് നടക്കുക. സുപ്രീംകോടതി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരം ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാണ്.

മരടിലെ വിഷയം മറ്റേതെങ്കിലും പ്രശ്‌നവുമായി താരതമ്യം ചെയ്യാവുന്ന ഒന്നല്ല. കോടതി വിവിധ ഘട്ടങ്ങളായി പരിശോധിച്ച് അന്തിമമായി കല്‍പിച്ച തീര്‍പ്പ് നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മാര്‍ഗങ്ങളില്ല. രാജ്യത്തിന്റെ പരമോന്നത കോടതിയുടെ വിധി നടപ്പാക്കുക സംസ്ഥാനത്തിന്റെ ഭരണഘടനാ ചുമതലയാണ്. അതുകൊണ്ടുതന്നെയാണ് മറ്റേതെങ്കിലും തരത്തിലുള്ള ഒഴിപ്പിക്കലുമായി മരട് വിഷയത്തെ താരതമ്യം ചെയ്യാന്‍ കഴിയാത്തത്.

ഏറ്റവും ഒടുവിലും ആ വിധി നടപ്പാക്കണമെന്ന ഉത്തരവാണ് റിവ്യു പെറ്റീഷനുകളില്‍ സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായത്. അതു സംബന്ധിച്ച് നിലവില്‍ ഒരുതരത്തിലുള്ള ആശയക്കുഴപ്പവും നിലനില്‍ക്കുന്നില്ല. മാനദണ്ഡങ്ങള്‍ പാലിച്ചും നീതിനിഷ്ഠമായും മാത്രമാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News