ബിജെപിക്കെതിരെ നാവനക്കാന്‍ കഴിയാത്ത ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് മാറി: മുഖ്യമന്ത്രി പിണറായി വിജയന്‍

അരൂര്‍: ജനദ്രോഹനയങ്ങള്‍ മാത്രം നടപ്പിലാക്കുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെ അരയക്ഷരം പോലും പറയാന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യം നേരിടുന്നത് ഏറ്റവും വലിയ പ്രതിസന്ധിയാണ്. രാജ്യം ഭരിക്കുന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ ഇതിന് പ്രധാന ഉത്തരവാദികളാണ്.

എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ ശബ്ദം ഉയരുന്നുണ്ടോ. എതിര്‍ക്കേണ്ടതിനെ ശക്തമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല- മുഖ്യമന്ത്രി പറഞ്ഞു.

കോര്‍പറേറ്റുകള്‍ക്ക് ഒരു വിഷമവും വരാന്‍ പാടില്ലെന്ന് ചിന്തിക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ഇതിനു പുറമെ വന്‍ നികുതിയിളവും കോര്‍പറേറ്റുകള്‍ക്ക് നല്‍കി.

കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി സഹായം കൊടുക്കുമ്പോള്‍ കര്‍ഷകരെക്കുറിച്ച് ചിന്തിക്കുന്നില്ല. ജനരോക്ഷം ഉയരാതിരിക്കാന്‍ ശ്രദ്ധതിരിച്ചുവിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

തങ്ങളാണ് ഗോവധം നിരോധിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ ഉന്നതനേതാക്കള്‍ പരസ്യമായി പറയുന്നത്. ഗോവധത്തിന്റെ പേരിലുണ്ടായ അക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കൊപ്പം നിന്ന് സംസാരിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. വ്യാപകമായ ന്യൂനപക്ഷ-ദളിത് വേട്ട നടക്കുമ്പോഴും കോണ്‍ഗ്രസിനെ കാണാനാകുന്നില്ല.

എന്നാല്‍, ഇടതുപക്ഷം മഹാശക്തി അല്ലാതിരിന്നിട്ടും ഇതിനെതിരെയെല്ലാം ശക്തമായ നിലപാടെടുത്തു. പ്രതികരിക്കുന്നതിന് ഒരു അറച്ചുനില്‍പ്പും ഇടതുപക്ഷത്തിന് ഉണ്ടായില്ല.

ബിജെപിയെയും മോഡിയെയും പുകഴ്‌ത്തലാണ് കോണ്‍ഗ്രസ് നേതാക്കള്‍. പല സംസ്ഥാനങ്ങളിലും ജയിച്ച കോണ്‍ഗ്രസ് എംഎല്‍എമാരാണ് അവിടങ്ങളില്‍ ബിജെപി സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നത്.

ബിജെപിക്കെതിരായ ബദലെന്തെന്ന് മൂന്നേകാല്‍ വര്‍ഷത്തെ ഭരണത്തിലൂടെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കാണിച്ചുതരികയാണ്.

പാവപ്പെട്ടവര്‍ക്ക് താങ്ങും തണലുമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉയര്‍ച്ചയും, വിദ്യാഭ്യാസ-ആരോഗ്യ-പാര്‍പ്പിട മേഖലകളിലെ മികവുറ്റ പ്രവര്‍ത്തനങ്ങളും ഇതിന് ഉദാഹരണങ്ങളാണ്.

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളുടെ പുരോഗതിയെ സംബന്ധിച്ച് ഓരോവര്‍ഷവും സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കാറുണ്ട്.

അറുന്നൂറോളം വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്. ഇതില്‍ 58 എണ്ണം മാത്രമേ ഇനി പൂര്‍ത്തിയാകാനുള്ളൂ. സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇവയും പൂര്‍ത്തീകരിക്കും.

കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ എന്തു നിലപാട് സ്വീകരിക്കുന്നു എന്നതാണ് പാലാ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ പാലായില്‍ എല്‍ഡിഎഫിന് 38.76 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ 42.31 ശതമാനമായി ഉയര്‍ന്നു.

ചിഹ്നം കിട്ടാതായതിനാലും യുഡിഎഫിലെ പടലപിണക്കങ്ങള്‍ മൂലവുമാണ് പരാജയമെന്ന് ചിലര്‍ ന്യായീകരണങ്ങള്‍ കണ്ടെത്തുന്നുണ്ട്.

ചെങ്ങന്നൂരിലെ വിജയം പടലപിണക്കിന്റെ ഭാഗമായിട്ടാണോ. വേങ്ങരയിലെ വോട്ട് വര്‍ധനവ് ഏതേലും പടലപിണക്കത്തിന്റെ കാരണത്താലാണോ.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ 7792 വോട്ടുകളാണ് എല്‍ഡിഎഫിന് വര്‍ധിച്ചത്. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചുവെന്ന് മാത്രമല്ല 14403 വോട്ടിന്റെ വര്‍ധനവും എല്‍ഡിഎഫ് നേടി.

മൂന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന്റെ വോട്ട് വര്‍ധിച്ചു. യുഡിഎഫിന്റെയും ബിജെപിയുടെയും വോട്ട് കുറഞ്ഞു.

ആകെ മൂന്ന് ഉപതെരഞ്ഞെടുപ്പുകളും എടുത്താല്‍ 22171 വോട്ടിന്റെ വര്‍ധനവാണ് എല്‍ഡിഎഫ് നേടിയത്. യുഡിഎഫിന് 13194 വോട്ടുകളും ബിജെപിക്ക് 15517 വോട്ടുകളും കുറഞ്ഞു.

ഇതാണ് കേരളത്തിന്റെ പൊതുവികാരം. ഇനി നേരിടാന്‍ പോകുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും ഇതുതന്നെയാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കാന്‍ പോകുന്നതമെന്നും അരൂരിലെ ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎപ് വിജയം സുനിശ്ചിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News