മഹാപ്രളയത്തില്‍ ഒരു നാട് മുങ്ങുമ്പോള്‍ ഫോട്ടോഷൂട്ട് നടത്തി വിദ്യാര്‍ഥിനി. ബിഹാറിലെ പ്രളയബാധിത പ്രദേശമായ പാട്‌നയിലെ ഒരു റോഡിലായിരുന്നു ഷൂട്ട്. ഫോട്ടോഷൂട്ട് ഇതിനകം വന്‍ വിവാദമായിരിക്കുകയാണ്. നാഷ്ണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ വിദ്യാര്‍ഥിനിയായ അതിഥി സിങ് ആയിരുന്നു മോഡല്‍.

വെള്ളം കയറിയ റോഡില്‍ നിന്നുകൊണ്ട് മുങ്ങിതാഴുന്ന വാഹനങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ടാണ് അതിഥി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഒരു ജനത ഒന്നാകെ പ്രളയത്തില്‍ ദുരിതമനുഭവിക്കുമ്പോള്‍ നിറചിരിയോടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.

ദുരിതത്തിന്റെ വ്യാപ്തി മറ്റുള്ളവരെ അറിയിക്കുകയും അതുവഴി കൂടുതല്‍ സഹായം എത്തിക്കുകയുമായിരുന്നു ഫോട്ടോഷൂട്ടിന് പിന്നിലെ ഉദ്ദേശം എന്നാണ് വിദ്യാര്‍ഥിനിയുടെ വിശദീകരണം. എന്നാല്‍ ബിഹാറിലെ സാഹചര്യങ്ങള്‍ മാധ്യമങ്ങളിലൂടെ ആളുകള്‍ അറിയുന്നുണ്ടെന്നും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആവശ്യമില്ലെന്നുമാണ് പൊതു അഭിപ്രായം.