ഇ-മെയില്‍ വിവാദം; ഹിലരിക്കെതിരെ അന്വേഷണം ശക്തമാക്കാന്‍ ട്രംപ്

ഇംപീച്ച്മെന്റ് നടപടിയാവശ്യപ്പെട്ട ഡെമൊക്രാറ്റുകള്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികാര നടപടികള്‍ ശക്തമാക്കുന്നു. മുന്‍ വിദേശ സെക്രട്ടറിയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയുമായിരുന്ന ഡെമൊക്രാറ്റിക് പാര്‍ടിയുടെ ഹിലരി ക്ലിന്റനെതിരെയാണ് നീക്കം ശക്തമാക്കുന്നത്. 2016 ലെ തെരഞ്ഞെടുപ്പിനു ശേഷം ഹിലരിക്കെതിരെ ഉയര്‍ന്ന ഈമെയില്‍ ആരോപണം അന്വേഷിക്കാന്‍ ട്രംപ് ഉത്തരവിട്ടു.

ഹിലരി ക്ലിന്റന്റെ സ്വകാര്യ ഇ-മെയിലേയ്ക്ക് നിലവിലെയും കഴിഞ്ഞ അമേരിക്കന്‍ ഭരണ വിഭാഗത്തിലെയും ഉദ്യോഗസ്ഥരയച്ച സന്ദേശങ്ങളും പരിശോധിക്കാന്‍ തുടങ്ങി. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഹിലരിക്കു കീഴില്‍ പ്രവര്‍ത്തിച്ച 130 ഉദ്യോഗസ്ഥരെയാണ് അന്വേഷണസംഘം കണ്ടത്. ഒന്നരവര്‍ഷം മുമ്പാണ് അന്വേഷണ സംഘം മുന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ തുടങ്ങിയത്. ഇടയ്ക്ക് നിര്‍ത്തിവയ്ക്കുകയും ആഗസ്തില്‍ പുനരാരംഭിക്കുകയും ചെയ്തു.

വിദേശ സെക്രട്ടറിയായിരിക്കെ ഹിലരി തന്റെ സ്വകാര്യ ഇ-മെയില്‍ അക്കൗണ്ടും സെര്‍വറും ഉപയോഗിച്ചിരുന്നു. ഹിലരി അശ്രദ്ധമായി കൈകാര്യം ചെയ്തതാണെന്നും ക്രിമിനല്‍ കുറ്റമല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്നും 2016 ജൂലൈയില്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി പറഞ്ഞിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ചില വിദേശ നയവിദഗ്ധരുള്‍പ്പെടെ പരിശോധനയ്ക്ക് വിധേയരായി. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ട്രംപ് സര്‍ക്കാരിന്റെ ഔദ്യോഗിക അധികാരങ്ങള്‍ ദുരുപയോഗിക്കുന്നതാണെന്ന് പലരും ആരോപിച്ചു.

2020 ലെ തെരഞ്ഞെടുപ്പില്‍ ഡെമൊക്രാറ്റിക് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള ജോ ബൈഡനും മകനുമെതിരെയുള്ള നീക്കമാണ് ട്രംപിനെ ഇംപീച്ച്മെന്റിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരൈ അന്വേഷണത്തിന് ഉത്തരവിടാന്‍ ഉക്രെയ്ന്‍ പ്രസിഡന്റിനോട് ട്രംപ് ആവശ്യപ്പെട്ടെന്ന സിഐഎ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ഇംപീച്ച്മെന്റ് ആവശ്യം ഉയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here