കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ദില്ലിയില്‍ ഉജ്വല തൊഴിലാളി പ്രക്ഷോഭം; ജനുവരി എട്ടിന് രാജ്യവ്യാപക പണിമുടക്ക്‌

ന്യൂഡല്‍ഹി: നരേന്ദ്രമോഡി സര്‍ക്കാര്‍ തുടരുന്ന -ജനവിരുദ്ധ–തൊഴിലാളി വിരുദ്ധ–ദേശ വിരുദ്ധ നയങ്ങള്‍ക്കെതിരെ 2020 ജനുവരി എട്ടിന് രാജ്യവ്യാപക പണിമുടക്ക്.

പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ വിശാല കണ്‍വന്‍ഷനാണ് തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനം നല്‍കിയത്. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ തൊഴിലാളികളുടെ നിറഞ്ഞ സാന്നിധ്യത്തിലാണ് കണ്‍വന്‍ഷന്‍ നടന്നത്.

കേന്ദ്രസര്‍ക്കാരിന്റെ വികല സാമ്പത്തിക നയങ്ങളെ തുടര്‍ന്ന് സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലായി. തൊഴില്‍നഷ്ടം രൂക്ഷമാകുമ്പോഴും കുത്തക കമ്പനികള്‍ക്ക് അനുഗ്രഹമാകുന്ന രക്ഷാ പാക്കേജുകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.

കോര്‍പറേറ്റ് ടാക്സ് കുറച്ചു കൊടുത്തതിലൂടെ പ്രതിവര്‍ഷം ഖജനാവിന് 1.45 ലക്ഷം കോടിയുടെ നഷ്ടമാണ് സര്‍ക്കാര്‍ വരുത്തിവെച്ചത്.

തൊഴില്‍ സുരക്ഷയ്ക്കോ ന്യായമായ അലവന്‍സുകള്‍ക്കോ ഒരു രൂപപോലും മാറ്റിവെച്ചിട്ടില്ലെന്ന് കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി.

പണിമുടക്കിനു മുമ്പായി പ്രാദേശിക, സംസ്ഥാന തല കണ്‍വന്‍ഷനുകള്‍ ചേരും. ഫാക്ടറികളിലും തൊഴിലിടങ്ങളിലും സമരസന്ദേശമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നിവയ്ക്കൊപ്പം വിവിധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളും സംയുക്തമായാണ് കണ്‍വന്‍ഷന്‍ നടത്തിയത്.

കമ്പനികള്‍ അടച്ചുപൂട്ടുകയും നിര്‍മ്മാണം വെട്ടിക്കുറയ്ക്കുകയും ചെയ്തതതോടെ അസംഘടിത–സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

വാങ്ങള്‍ശേഷിയിലാണ് പ്രതിസന്ധിയെന്ന് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം അടിവരയിടുമ്പോഴും ലഭ്യതമേഖലയിലാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഹാര ശ്രമങ്ങളെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പറഞ്ഞു.

പ്രൊവിഡന്റ് ഫണ്ടിലെ തൊഴിലാളികളുടെ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.

പ്രതിമാസം തൊഴിലാളികളുടെ കയ്യിലെത്തുന്ന വേതനതുക വര്‍ധിക്കുമെന്ന ന്യായവാദമാണ് ഉന്നയിക്കുന്നത്. വ്യവസായ സാഹചര്യം മെച്ചപ്പെടുത്താനുള്ള നീക്കമാണ് പിന്നിലെന്ന് സര്‍ക്കാര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ലോക ബാങ്കിന്റെ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ സൂചികയില്‍ ഇന്ത്യ കുതിക്കുയാണെന്ന വീരവാദമാണ് സര്‍ക്കാര്‍ മുഴക്കുന്നത്. തൊഴിലാളികളുടെ ചെലവിലാണ് ഇതെല്ലാം ചെയ്യുന്നതെന്ന് തപന്‍സെന്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News