കഞ്ചിക്കോട്ടെ ബെമലില്‍ റെയില്‍വേ കോച്ചുകളുടെ നിര്‍മാണം വീണ്ടും തുടങ്ങി

സ്വകാര്യവത്ക്കരണ നീക്കം നടക്കുന്നതിനിടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട്ടെ ബെമലില്‍ റെയില്‍വേ കോച്ചുകളുടെ നിര്‍മാണം വീണ്ടും തുടങ്ങി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റെയിവേക്കായി ബെമല്‍ കോച്ചുകള്‍ നിര്‍മിക്കുന്നത്. 300 മെമു കോച്ചുകളുടെ നിര്‍മാണ കരാറാണ് ബെമലിന് റെയില്‍വേയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.

ബെമല്‍ സ്വകാര്യവത്ക്കരണ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുന്നു. രാജ്യമെങ്ങും തൊഴിലാളികള്‍ പ്രക്ഷോഭത്തിലാണ്. ഇതിനിടെയാണ് റെയില്‍വേയ്ക്കു വേണ്ടി കോച്ചുകള്‍ വീണ്ടും നിര്‍മിച്ച് ബെമല്‍ പാലക്കാട് യൂണിറ്റ് പൊതുമേഖലാ സ്ഥാപനത്തിന്റെ കരുത്തും കാര്യപ്രാപ്തിയും തെളിയിച്ചത്.

റെയില്‍വേയില്‍ നിന്ന് ലഭിച്ച ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ നിര്‍മിച്ച ആദ്യ കോച്ച് കഴിഞ്ഞ ദിവസം പാലക്കാട് നിന്നും ബംഗളൂരുവിലേക്ക് അയച്ചു. 300 കോച്ചുകള്‍ ബെമലിന്റെ കേരളത്തിലെയും കര്‍ണ്ണാടകയിലെയും പ്ലാന്റുകളില്‍ നിര്‍മിക്കും. എന്‍ജിന്‍ ഭാഗം ഉള്‍പ്പെടെ 75 കോച്ചുകളാണ് കഞ്ചിക്കോട് നിര്‍മ്മിക്കുന്നത്.

കഞ്ചിക്കോട് പ്ലാന്റിലെക്ക് റെയിവെ ലെയിന്‍ ഇല്ലാത്തതിനാല്‍ റോഡ് മാര്‍ഗ്ഗം ബംഗലൂരുവിലെത്തിച്ച് ചക്രങ്ങള്‍ ഘടിപ്പിക്കും. അന്താരാഷ്ട്ര കരാറുകളുള്‍പ്പെടെ ലഭിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യവത്ക്കരണ നീക്കം ഉപേക്ഷിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ 2010-ല്‍ പ്രവര്‍ത്തനം ആരംഭിച്ച കഞ്ചിക്കോട് ബെമലില്‍ നിന്നും നാളിതുവരെ 1000 ലധികം മിലിട്ടറി ട്രക്കുകളും നിരവധി റെയില്‍വേ കോച്ചുകളും നിര്‍മിച്ചിട്ടുണ്ട്. ഉപേക്ഷിച്ച കഞ്ചിക്കോട് കോച്ച് ഫാക്ടറി ബെമലുമായി സഹകരിച്ച് പൊതുമേഖലയില്‍ നടപ്പിലാക്കാനുള്ള പ്രപ്പോസല്‍ മുന്‍ എംപി എം ബി രാജേഷ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല.

റെയില്‍വേ കോച്ചുകള്‍ നിര്‍മിക്കാനുള്ള ബെമലിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി ഉപയോഗിച്ച് കോച്ച് ഫാക്ടറി പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യത്തിന് പുതിയ സാഹചര്യത്തില്‍ പ്രസക്തിയേറുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News