കശ്മീര്‍ പ്രത്യേകപദവി: തരിഗാമി സുപ്രീംകോടതിയില്‍

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയുടെ ഭരണഘടനാസാധുത ചോദ്യംചെയ്ത് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമദ് യൂസഫ് തരിഗാമി സുപ്രീംകോടതിയെ സമീപിച്ചു.

ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി ആഗസ്ത് അഞ്ച്, ആറ് തീയതികളില്‍ രാഷ്ട്രപതി പുറപ്പെടുവിച്ച ഉത്തരവുകളുടെ നിയമസാധുത ചോദ്യംചെയ്താണ് തരിഗാമിയുടെ ഹര്‍ജി.

രാഷ്ട്രപതിഭരണത്തിന് കീഴിലാണെങ്കിലും ജമ്മു കശ്മീരിന് ബാധകമായ ഭരണഘടനാ അനുച്ഛേദങ്ങളെ ഉത്തരവിലൂടെ ഇല്ലാതാക്കാന്‍ രാഷ്ട്രപതിക്ക് അധികാരമില്ല. രാഷ്ട്രപതിയുടെ ഉത്തരവ് മുഖേന നേരിട്ട് 370–ാം അനുച്ഛേദം റദ്ദാക്കാനാകില്ല. 367–ാം അനുച്ഛേദത്തില്‍ പുതിയ ഒരു വ്യവസ്ഥ കൂട്ടിച്ചേര്‍ത്ത് വളഞ്ഞ വഴിയില്‍ 370 റദ്ദാക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു.

സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നടപടി ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനമാണ്. ജനാധിപത്യ മാര്‍ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെയും ആ സര്‍ക്കാരിന് കീഴിലുള്ള പൗരന്മാരുടെയും അവകാശങ്ങള്‍ക്ക് ഭരണഘടനയുടെ സംരക്ഷണമുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞു.

തരിഗാമിയുടെ ഹര്‍ജി ചൊവ്വാഴ്ച അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കശ്മീര്‍വിഷയത്തിലുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടനാബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News