പി എസ് സി ബയോമെട്രിക് സംവിധാനം ഉടന്‍ ; എല്ലാ ഉദ്യോഗാര്‍ഥികളും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യണം

പി എസ് സി പരീക്ഷാനടത്തിപ്പ് കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗാര്‍ഥികളെ തിരിച്ചറിയാന്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടി തുടങ്ങി. ഇതിന് മുന്നോടിയായി എല്ലാ ഉദ്യോഗാര്‍ഥികളും ആധാര്‍ നമ്പര്‍ പ്രൊഫൈലുമായി ലിങ്ക് ചെയ്യണമെന്ന് പിഎസ്സി നിര്‍ദേശിച്ചു.

ആധാറില്ലാത്തവര്‍ തിരിച്ചറിയലിനായി പിഎസ്സി നിഷ്‌കര്‍ഷിക്കുന്ന മറ്റ് സംവിധാനങ്ങള്‍ പ്രൊഫൈലില്‍ ചേര്‍ക്കണം. നിലവില്‍ പിഎസ്സിയില്‍ പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ അഞ്ചുശതമാനത്തില്‍താഴെ മാത്രമാണ് ആധാര്‍ ലിങ്ക് ചെയ്യാത്തത്. ബയോമെട്രിക് ഉപകരണം ലഭ്യമാക്കാന്‍ കെല്‍ട്രോണുമായി ധാരണയായി.

ഉദ്യോഗാര്‍ഥികളുടെ എണ്ണമനുസരിച്ച് ഓരോ കേന്ദ്രങ്ങളില്‍ ആവശ്യമായ ഉപകരണം എത്തിക്കും. ഇതിനായി നടപടി സ്വീകരിക്കാന്‍ പിഎസ്സി സര്‍ക്കാരിനോട് ശുപാര്‍ശചെയ്യും. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയാനാണ് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പിഎസ്സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ പറഞ്ഞു. പരീക്ഷാഹാളിലും തുടര്‍ന്ന് തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലും ഈ സംവിധാനം ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസയോഗ്യതയും തൊഴില്‍പരിചയവും സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിക്കുന്ന ഉദ്യോഗാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്താലും ഇല്ലെങ്കിലും ശിക്ഷാനടപടി സ്വീകരിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത ഒപ്പിന്റെ മാതൃക പരീക്ഷാകേന്ദ്രങ്ങളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് ലഭ്യമാക്കും. പരീക്ഷയ്ക്ക് ഹാജരാകുന്നവര്‍ സൈന്‍ഡ് ലിസ്റ്റില്‍ രേഖപ്പെടുത്തുന്ന ഒപ്പ് പരിശോധിക്കുന്നതിനാണിത്.

42 തസ്തികകളില്‍ വിജ്ഞാപനം

42 തസ്തികയില്‍ വിജ്ഞാപനമിറക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു. സംസ്ഥാനതലത്തില്‍ ജനറല്‍ വിഭാഗത്തില്‍ അനലിസ്റ്റ് ഗ്രേഡ് 3, ഫോര്‍മാന്‍(ഇലക്ട്രിക്കല്‍), ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് (വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയില്‍ നിന്നും തസ്തികമാറ്റം മുഖേന), ഓവര്‍സിയര്‍ ഗ്രേഡ് 1/ഡ്രാഫ്റ്റ്‌സ്മാന്‍(ഇലക്ട്രിക്കല്‍–തസ്തികമാറ്റം മുഖേന), മാനേജര്‍ ഗ്രേഡ് 3, റീജ്യണല്‍ ഓഫീസര്‍, ഫയര്‍മാന്‍ (ട്രെയിനി), ആര്‍ക്കിടെക്ച്ചറല്‍ ഹെഡ് ഡ്രാഫ്റ്റ്‌സ്മാന്‍, ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍(മെക്കാനിക്കല്‍)ഗ്രേഡ് 3/ട്രേസര്‍, ലൈബ്രേറിയന്‍ ഗ്രേഡ് 4(കന്നട അറിയുന്നവര്‍), മീറ്റര്‍ റീഡര്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍, ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 1, ഡ്രാഫ്റ്റ്‌സ്മാന്‍(മെക്കാനിക്കല്‍), സ്റ്റെനോഗ്രാഫര്‍, ഓപ്പറേറ്റര്‍, അസിസ്റ്റന്റ് കമ്പയിലര്‍, ക്ലര്‍ക്ക്(സൊസൈറ്റി വിഭാഗം) എന്നിവയിലാണ് വിജ്ഞാപനം.

ജില്ലാതലത്തില്‍ ഫിസിയോതെറാപ്പിസ്റ്റ്, കുക്ക് എന്നിവയിലേക്കും അപേക്ഷ ക്ഷണിക്കും. മറ്റ് തസ്തികകളും വിശദവിവരങ്ങളും വെബ്സൈറ്റിലും ഒക്ടോബര്‍ 15 ലക്കം പി എസ് സി ബുളളറ്റിനിലുമുണ്ട്. പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (സംസ്ഥാനതലം) സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News