ഭാരത് പെട്രോളിയം ഉള്‍പ്പെടെ നാലു കമ്പനികള്‍ വിറ്റുതുലയ്ക്കാനൊരുങ്ങി മോദി സര്‍ക്കാര്‍

പൊതുമേഖലാ കമ്പനികളായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്സിഐ.), ടിഎച്ച്ഡിസി ഇന്ത്യ, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (നീപ്‌കോ) എന്നിവയില്‍ കേന്ദ്രസര്‍ക്കാരിനുള്ള മുഴുവന്‍ ഓഹരികളും വില്‍ക്കുന്നതിന് സെക്രട്ടറിതല അനുമതി.

ഓഹരിവിറ്റഴിക്കലിന്റെ ചുമതലയുള്ള സെക്രട്ടറിമാരാണ് തിങ്കളാഴ്ച ഇതിന് അംഗീകാരം നല്‍കിയത്. കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (കോണ്‍കോര്‍) സര്‍ക്കാരിനുള്ള ഓഹരികളിലെ 30 ശതമാനവും വില്‍ക്കാനും യോഗം അനുമതി നല്‍കി.

എ ബി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ നടത്തിയ ഓഹരിവിറ്റഴിക്കലിനുശേഷം പൊതുമേഖലാ കമ്പനികളെ സ്വകാര്യവത്കരിക്കുന്നതിനുള്ള ഏറ്റവും വലിയ നീക്കമാണ് ഇത്. പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം ദേശസാത്കരിച്ച കമ്പനിയായതിനാല്‍ ബിപിസിഎല്ലിന്റെ ഓഹരി വിറ്റഴിക്കുംമുമ്പ് സര്‍ക്കാരിന് ഇരുസഭകളുടെയും അംഗീകാരം നേടേണ്ടതുണ്ട്.

ബിപിസിഎല്ലില്‍ 53.29 ശതമാനം ഓഹരിയാണ് സര്‍ക്കാരിനുള്ളത്. കോണ്‍കോറില്‍ 54.80 ശതമാനവും എസ്സിഐയില്‍ 63.75 ശതമാനവും ഓഹരികളുണ്ട്. കേന്ദ്രസര്‍ക്കാരിന്റെയും (75 ശതമാനം) ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും (25 ശതമാനം) സംയുക്തസംരംഭമാണ് ടിഎച്ച്ഡിസി നീപ്‌കോയുടെ മുഴുവന്‍ ഓഹരികളും സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News