ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരായ കേസ്; ക്രൈംബ്രാഞ്ച് മരട് നഗരസഭയില്‍ പരിശോധന നടത്തുന്നു

ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരായ കേസില്‍ ക്രൈംബ്രാഞ്ച് മരട് നഗരസഭയില്‍ പരിശോധന നടത്തുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലുളള സംഘമാണ് അനധികൃത ഫ്‌ലാറ്റുകള്‍ക്ക് അനുമതി നല്‍കിയ നഗരസഭയിലെ ഫയലുകള്‍ പരിശോധിക്കുന്നത്. കേസില്‍ നിര്‍മ്മാതാക്കള്‍ക്കെതിരേ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

വഞ്ചനാക്കുറ്റം, നിയമലംഘനം മറച്ചുവെച്ച് വില്‍പ്പന നടത്തുക എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 406, 420 വകുപ്പുകള്‍ പ്രകാരം ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് അനധികൃതമായി അനുമതി നല്‍കിയ മരട് നഗരസഭയിലെ ഫയലുകളും രേഖകളും ക്രൈംബ്രാഞ്ച് പരിശോധിച്ചു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്. നിലവില്‍ മരട്, പനങ്ങാട് പൊലീസ് സ്റ്റേഷനുകളിലാണ് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസുളളത്. 2006ല്‍ നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ പഞ്ചായത്തായിരുന്ന മരട്, 2010ലാണ് മുനിസിപ്പാലിറ്റിയായത്. അന്നത്തെ കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ പ്രകാരം നടത്തിയ നിയമലംഘനങ്ങളും അനുമതികളും സംഘം പരിശോധിച്ചു.

നിര്‍മ്മാതാക്കളെ കൂടാതെ അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പരിശോധന. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരം പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി ഫ്‌ലാറ്റ് നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ നേരത്തേ മരവിപ്പിച്ചിരുന്നു. ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ നിര്‍മ്മാണക്കന്പനികളുടെ ഉടമകളാണ് പ്രതികള്‍.

അതേസമയം മരട് ഫ്‌ലാറ്റ് ഉടമകളെ ഒളിപ്പിക്കുന്നതിനുളള നടപടികളും തുടരുകയാണ്. ഒക്ടോബര്‍ 3നകം ഒഴിഞ്ഞുപോകുമെന്ന് താമസക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇവരില്‍ ആവശ്യമുളളവര്‍ക്ക് പുനരധിവാസം ഉറപ്പാക്കാനുളള നടപടി സ്വീകരിച്ചതായി നഗരസഭാ സെക്രട്ടറിയുടെ ചുമതലയുളള സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News