ഐഎസ്എല്‍ ആറാം സീസണിലേക്കുളള കേരള ബ്ലാസ്റ്റേ‍ഴ്സിന്‍റെ ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ടീമിന്‍റെ ജ‍ഴ്സി പ്രകാശനവും നടന്നു

മുന്‍ സീസണുകളിലുണ്ടായ പി‍ഴവുകള്‍ പാഠമാക്കി കരുത്തുറ്റ ടീമുമായാണ് ഇത്തവണ കേരള ബ്ലാസ്റ്റേ‍ഴ്സ് കളത്തിലിറങ്ങുന്നത്.

നോര്‍ത്ത് ഈസ്റ്റിന് പ്ലേ ഓഫിലെത്തിച്ച ഡച്ച് പരിശീലകന്‍ ഇല്‍കോ ഷട്ടോരിയുടെ തന്ത്രങ്ങളാകും ഇനി മഞ്ഞപ്പടയുടെ കുതിപ്പിന് കരുത്തേകുന്നത്.

ആറ് മലയാളി താരങ്ങളുള്‍പ്പെടെ 25 അംഗ ടീമിനെയാണ് ഇത്തവണ ഐഎസ്എല്‍ കിരീട പോരാട്ടത്തിനായി അവതരിപ്പിച്ചത്.

നൈജീരിയന്‍ താരം ബെര്‍ത്തലോമിയോ ഒഗ്ബച്ചെയാണ് ടീമിന്‍റെ തുറുപ്പുചീട്ട്. കാമറൂണ്‍ താരം റാഫേല്‍ മെസ്സി ബൗളിയും മരിയോ ആര്‍ക്വസുമെല്ലാം ടീമിന് മുതല്‍ക്കൂട്ടാകും.

അണ്ടര്‍ 17 ലോകകപ്പ് താരം കെ പി രാഹുല്‍, ടിപി രഹ്നേഷ്, സഹല്‍ അബ്ദുള്‍ സമദ് അടക്കം ആറ് മലയാളി സാന്നിധ്യവും ടീമിന് കരുത്താകും.

മുഹമ്മദ് റാഫിയും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ടീമിന്‍റെ പുതിയ ജ‍ഴ്സിയും പ്രകാശനം ചെയ്തു.

പുതിയ ടീമിനെ ആവേശത്തോടെ സ്വീകരിച്ച ആരാധകര്‍ക്ക് താരങ്ങളുടെ വാക്കിംഗ് ക്ലാപ്പും. ഒക്ടോബര്‍ 20ന് കൊച്ചിയില്‍ എടികെയ്ക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേ‍ഴ്സിന്‍റെ ആദ്യ മത്സരം.