ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് നാലാ‍ഴ്ച സമയമനുവദിച്ച് സുപ്രീം കോടതി

ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ചോദ്യം ചെയ്തുള്ള ഹര്ജികളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നാല് ആഴ്ച സമയം അനുവദിച്ചു.

അതേസമയം കശ്മീരിൽ മൊബൈൽ, ഇന്റർനെറ്റ് നിയന്ത്രണം ഒഴിവാക്കാൻ സാധ്യമല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

സിപിഐഎം നേതാവ് തരിഗാമിയുടെ തടങ്കലിനെതിരെ ഉത്തരവുണ്ടാകണം എന്ന് സീതാറാം യെച്ചൂരി കോടതിയിൽ ആവശ്യപ്പെട്ടു.

പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഓരോ ഹര്ജികളിലും വ്യത്യസ്ത വാദങ്ങൾ ആണെന്നും ഹര്ജികൾക്ക് മറുപടി നൽകാൻ സമയം ആവശ്യമാണ് എന്നുമായിരുന്നു കേന്ദ്ര സർക്കാർ വാദം.

ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ഭരണ ഘടനാ ബെഞ്ച് 4 ആഴ്ച സമയം അനുവദിച്ചത്.

കേന്ദ്ര സർക്കാരിന്റെ ആവശ്യത്തെ സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എതിർത്തു. ജമ്മു കശ്മീർ പുനഃ സംഘടന ഒക്ടോബര് 31ന് നടപ്പിലാകും.

ഇത് മുന്നിൽ കണ്ട് കേസ് നീട്ടി കൊണ്ടുപോകാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് തരിഗാമിയുടെ അഭിഭാഷകൻ രാജു രാമചന്ദ്രൻ വാദിച്ചു. കശ്മീരിന് പ്രത്യേക പദവി നൽകിയത് എതിർത്തു കൊണ്ടുള്ള പഴയ ഹര്ജികളുടെ തൽസ്ഥിതി വിവരങ്ങൾ നൽകാൻ കോടതി രജിസ്ട്രിക്ക് നിർദേശവും നൽകിയിട്ടുണ്ട്.

പ്രത്യേക പദവി റദ്ദാക്കിയതിന് എതിരായ ഹർജികൾ നവംബർ 14ന് വീണ്ടും പരിഗണിക്കും. വിവിധ നിയന്ത്രങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ മൊബൈൽ, ഇന്റർനെറ്റ് നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സാധ്യമല്ലെന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാട്.

നിയന്ത്രണങ്ങൾ ഒഴിവാക്കിയാൽ താഴ്വരയിൽ വ്യാജ സന്ദേശങ്ങളുടെ പ്രളയം ഉണ്ടാകുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത വാദിച്ചു.

യൂസഫ് തരിഗാമിയുടെ നിയമ വിരുദ്ധ തടങ്കൽ ചോദ്യം ചെയ്ത് സീതാറാം യെച്ചൂരി നൽകിയ ഹർജിയും കോടതി കേട്ടു.

തടങ്കൽ നിയമ വിരുദ്ധമെന്ന് ഉത്തരവ് ഉണ്ടായാൽ എന്താണ് നേട്ടമെന്ന് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു. ഒരു രാഷ്ട്രീയ പ്രവർത്തകനായ തരിഗാമിക്ക് ഇത് ധാരാളമാണെന്നായിരുന്നു യെച്ചൂരിയുടെ അഭിഭാഷകന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News