ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ വിശാഖപട്ടണത്ത് ആരംഭിക്കും. ഏകദിന, ട്വന്‍റി-20 ഫോര്‍മാറ്റുകളിലെ ഓപ്പണര്‍ രോഹിത് ശര്‍മ ടെസ്റ്റിലും ഇന്ത്യയുടെ ഓപ്പണറാകുന്നുവെന്നതാണ് മത്സരത്തിന്‍റെ സവിശേഷത.

സമീപകാല മത്സരങ്ങളില്‍ പരാജയപ്പെട്ട വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം വൃദ്ധമാന്‍ സാഹയായരിക്കും വിശാഖപട്ടണത്ത് കളിക്കുക.35കാരനായ സാഹ രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. 2018ലാണ് സാഹ അവസാനമായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു അവസാന മത്സരം. ഇതുവരെയായി 32 ടെസ്റ്റ് കളിച്ചിട്ടുണ്ട്. പരുക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ സാഹ മൈസൂരുവില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിലും വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

ഏകദിന മത്സരങ്ങളില്‍ നിന്ന് ഒ‍ഴിവാക്കപ്പെട്ട സ്പിന്നര്‍ അശ്വിനും പ്ലേയിങ്ങ് ഇലവനിലുണ്ടാകുമെന്ന് ക്യാപ്റ്റൻ കോഹ്ലി അറിയിച്ചു. രവീന്ദ്ര ജഡേജയും ഹനുമ വിഹാരിയുമാണ് ടീമിലെ മറ്റ് രണ്ട് സ്പിന്നര്‍മാര്‍.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയിലെ (120 പോയിന്‍റ്) ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ പരമ്പര വിജയം അനിവാര്യമാണ്. നേരത്തെ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര ഇന്ത്യ 2-0ത്തിന് തൂത്തുവാരിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഈ മാസം 10ന് പൂനെയിലും മൂന്നാം ടെസ്റ്റ് 19ന് റാഞ്ചിയിലും നടക്കും.