കൊല്ലഗല്‍ ദേശീയ പാതയില്‍ ബന്ദിപ്പുര്‍ വനമേഖലയിലെ യാത്ര നിരോധനത്തിൽ വസ്‌തുതകള്‍ സുപ്രീംകോടതിയെ ധരിപ്പിച്ച്‌ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.

യാത്രാ നിരോധനത്തിനെതിരെ വയനാട്ടിലെ ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്‌. വയനാടിനെ മാത്രമല്ല കേരളത്തെ ആകെ ബാധിക്കുന്ന സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെയുള്ള ശക്തമായ ജനവികാരമാണ്‌ പ്രക്ഷോഭത്തില്‍ പ്രതിഫലിക്കുന്നത്‌.

മൈസൂരു, ബംഗളൂരു തുടങ്ങിയ കര്‍ണാടകയിലെ പട്ടണങ്ങളുമായി കേരളത്തിലെ ജനങ്ങള്‍ക്ക്‌ എളുപ്പത്തില്‍ ബന്ധപ്പെടാനും സുഗമമായ യാത്രയ്‌ക്കും സൗകര്യമുള്ള 766 ദേശീയപാത പൂര്‍ണമായി അടയ്‌ക്കുന്നത്‌ കേരളത്തിന്‌ വന്‍ തിരിച്ചടിയാകും.

പ്രശ്‌നം പരിഹരിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.