വിവാഹിതര്‍ക്ക് കൗണ്‍സലിംഗും ബോധവല്‍ക്കരണവും അനിവാര്യം- വനിതാ കമ്മീഷന്‍

കോട്ടയം: കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിര്‍ത്തുന്നതിന് ദമ്പതികള്‍ക്ക് വിവിധ ഘട്ടങ്ങളില്‍ കൗണ്‍സലിംഗും ബോധവത്കരണവും നല്‍കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. വിവാഹപൂര്‍വ്വ കൗണ്‍സലിംഗിന് കമ്മീഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് കൗണ്‍സലിംഗില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന ശുപാര്‍ശ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അംഗം ഇ.എം. രാധ പറഞ്ഞു.കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ നട ന്ന മെഗാ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം.

വിവാഹേതര ബന്ധങ്ങള്‍ കുടുംബത്തിലും സമൂഹത്തിലും സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി കമ്മീഷന്‍ നിരീക്ഷിച്ചു. സൗഹൃദത്തിന്‍റെ പേരില്‍ നല്‍കിയ സ്വര്‍ണവും എട്ടു ലക്ഷം രൂപയും തിരികെ നല്‍കുന്നില്ലെന്നു കാണിച്ച് വീട്ടമ്മ നല്‍കിയ പരാതിയില്‍ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

ഭാര്യയെയും മൂന്നു മക്കളെയും ഉപേക്ഷിച്ചയാളെ കണ്ടെത്താന്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറെ ചുമതലപ്പെടുത്തി. വീട്ടമ്മയുടെ പരാതിയിലാണ് നടപടി. ക്ഷീരസംഘം സെക്രട്ടറിയായ യുവതി സംഘത്തിന്‍റെ ഭരണസമിതിക്കെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അദാലത്തില്‍ പരിഗണിച്ച 66 കേസുകളില്‍ ഏഴെണ്ണം തീര്‍പ്പാക്കി. ബാക്കിയുളളവ ഒക്ടോബര്‍ 24ന് നടക്കുന്ന അദലാത്തില്‍ പരിഗണിക്കും. വനിതാ കമ്മീഷന്‍ ഡയറക്ടര്‍ പി. യു. കുര്യാക്കോസും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News