ഗവ.ലോ കോളേജില്‍ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസ്; കെഎസ്‌യുക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

തിരുവനന്തപുരം ഗവ.ലോ കോളേജില്‍ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ കെഎസ്‌യുക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ രണ്ടാം പ്രതി അരുണ്‍ അമ്പിളി, മൂന്നാം പ്രതി മുഫ്താക് നുജുന്‍, നാലാം പ്രതി അരുണ്‍ ജോര്‍ജ്, അഞ്ചാം പ്രതി ആര്‍ എല്‍ മനുകൃഷ്ണ, ഏഴാം പ്രതി ആഷിക്ക് അഷ്റഫ്, എട്ടാം പ്രതി ഷെഹിന്‍ എന്നിവരുടെ ഹര്‍ജികളാണ് ജസ്റ്റീസ് വി രാജാ വിജയരാഘവന്‍ തള്ളിയത്. ഇവര്‍ ഒക്ടോബര്‍ 14ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നും കോടതി വ്യക്തമാക്കി. കേസിലെ പരാതിക്കാരനായ ജിഷ്ണു പട്ടാഴിക്കു വേണ്ടി ഹാജരായ അഡ്വ. എസ് കെ ആദിത്യനും പ്രോസിക്യൂഷനും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു.

ആഗസ്റ്റ് 27നുണ്ടായ അക്രമത്തിന് ശേഷം പ്രതികള്‍ ഒളിവിലാണെന്ന് അഡ്വ. ആദിത്യന്‍ ചൂണ്ടിക്കാട്ടി. കാറില്‍ മാരകായുധങ്ങള്‍ നിറച്ച് ക്യാമ്പസിലെത്തിയ കെഎസ്‌‌യുക്കാര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആസൂത്രിതമായാണ് ആക്രമണം നടത്തിയത്. ബിയര്‍ ബോട്ടില്‍, ഇരുമ്പ് വടി, ബൈക്കിന്റെ സയലന്‍സര്‍, ഹെല്‍മെറ്റ് എന്നിവ ഉപയോഗിച്ചാണ് മര്‍ദിച്ചത്.

ആക്രമണത്തില്‍ ജിഷ്ണുവിന്റെ നാലു പല്ലുകള്‍ തകര്‍ന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കൊലപാതക ശ്രമമടക്കമുള്ള വകുപ്പുകള്‍ ചേർത്ത കേസില്‍ ജാമ്യം നല്‍കരുതെന്നും വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. പ്രതികളോട് കീഴടങ്ങാനും നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News