കളമൊരുക്കി എറണാകുളം; ആദ്യദിനം മുന്നണികൾ ജനങ്ങളിലേക്ക്…

എറണാകുളത്തെ മത്സര ചിത്രം തെളിഞ്ഞതോടെ പ്രചരണ രംഗത്ത് സജീവമാവുകയാണ് മണ്ഡലത്തിലെ സ്ഥാനാർഥികൾ. എൽഡിഎഫ് കൺവെൻഷൻ പൂർത്തിയാക്കിയ ശേഷം സ്ഥാപനങ്ങളിലും വീടുകളിലും എത്തി വോട്ടർമാരെ നേരിൽ കണ്ടാണ് മനു റോയ് പ്രചരണം നടത്തുന്നത്. യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളും മണ്ഡലത്തിലെ ആദ്യ ദിന പ്രചാരണത്തിന് രംഗത്തുണ്ട്.

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ പ്രചരണ രംഗത്ത് സജീവമാവുകയാണ് എറണാകുളത്തെ സ്ഥാനാർഥികൾ. വിവിധ അഗതി മന്ദിരങ്ങളും കോൺവേന്റുകളും സന്ദർശിക്കാനും അവർക്കൊപ്പം സമയം ചിലവഴിക്കാനുമാണ് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. മനു റോയ് തന്റെ പ്രചരണത്തിന്റെ ആദ്യ ദിനം ഉപയോഗിച്ചത്. സ്ഥാപനങ്ങളിലും വീടുകളിലും എത്തി വ്യക്തികളെയും മനു റോയ് നേരിൽ കണ്ട് പിന്തുണ അഭ്യർഥിച്ചു. വീട്ടിലെ ഒരംഗത്തെ പോലെയാണ് തനിക്ക് ലഭിച്ച സ്നേഹമെന്നു പ്രചാരണത്തിനിടെ മനു റോയ് കൈരളി ന്യൂസിനോട് പറഞ്ഞു.

യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദ് കുമാറിന്റെ ആദ്യ ദിന പ്രചരണം തേവരയിലെ പൊതുയോഗത്തോടെ അവസാനിച്ചു. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം മുൻ ഗവർണർ ശങ്കര നാരായണൻ ഉദ്ഘാടനം ചെയ്തു. എൻഡിഎ സ്ഥാനാർഥി സി ജി രാജഗോപാലും പ്രചരണ രംഗത്ത് സജീവമായി ഉണ്ട്. എറണാകുളത്ത് സമർപ്പിക്കപ്പെട്ട എല്ലാ പത്രികകളും സ്വീകരിച്ചതോടെ7 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. പതിനൊന്ന് പത്രികകളിൽ ഉണ്ടായിരുന്ന ഡമ്മി സ്ഥാനാർഥികളുടെ നാമ നിർദ്ദേശ പത്രിക അതാത് പാർട്ടി സ്ഥാനാർത്ഥികളുടെ പത്രികകൾ സ്വീകരിച്ചതോടെ സ്വമേധയാ അസാധുവായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here