
അഹമ്മദ് ഖാന്‍റെ “ബാക്കി പത്രം” എന്ന പുതിയ കവിതാ സമാഹാരത്തിലെ ലളിതവും കാലികവും കാര്യമാത്ര പ്രസക്തവുമായ “ഒരു പോലെ” എന്ന കവിതയിലെ ആറ് വരികള്‍ മാത്രം മതി ചിന്തക്ക് കൂച്ചുവിലങ്ങിട്ടിരിക്കുന്ന ഈ കാലത്ത് ഈ കവിയെ വ്യത്യസ്തനാക്കാന്‍
‘പ്രളയവും ഭൂചലനവും
മതത്തിലോ ദൈവത്തിലോ
വിശ്വസിക്കുന്നില്ല.
ചര്‍ച്ചും മോസ്കും
ക്ഷേത്രവും
അവയ്ക്ക് ഒരുപോലെ’
ജാതിയും മതവും സൃഷ്ടിക്കുന്ന വേലിക്കെട്ടുകളുടെ നിരര്‍ത്ഥകത തുറന്നുകാട്ടുന്നതാണ് ഓരോവാക്കുകളും.ഒരിക്കല്‍ കവി ഒരു ക്ഷേത്രത്തിന്‍റെ മുന്നിലൂടെ പോകുമ്പോള്‍ കേട്ട വാചകങ്ങള്‍ തൂലികയിലൂടെ പുനരവതരിപ്പിക്കുന്നത് ഇങ്ങനെ;
നാലുനേരമുണ്ണാന്‍ വകയുളളവര്‍
ഏമ്പക്കത്തിന്‍റെ അകമ്പടിയോടെ
ഊട്ടുപുരയില്‍ നിന്നിറങ്ങി
കാറില്‍ കയറവേ
ഉച്ചഭാഷിണിയില്‍ അറിയിപ്പ്
” അന്നദാനം തുടരുകയാണ്”
( ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്)
ഷോപ്പിംഗ് എന്ന് നാലുവരി കവിതയും വിശ്വാസത്തിന്‍റെ പേരിലുളള അര്‍ത്ഥ ശൂന്യതകള്‍ പൊളിച്ചടക്കുന്നു
” എനിക്ക്
അഞ്ചു ടീഷര്‍ട്ടും
മൂന്ന് ജീന്‍സും;
ഇവള്‍ക്കൊരു പര്‍ദ്ദ”
കവിതയുടെ ഉത്തരാധുനിക സവിശേഷതകള്‍ കാച്ചിക്കുറുക്കി അവതരിപ്പിക്കുന്നതോടൊപ്പംതന്നെ തന്‍റെ ഇഷ്ട കവികളായ വിഷ്ണുനാരായണന്‍ നമ്പൂതിരി,അക്കിത്തം എന്നു തുടങ്ങി ഒഎന്‍ വി ക്കുറുപ്പ് വരെയുളളവരുടെ കാവ്യപാരമ്പര്യത്തെ കവി മുറുകെ പിടിക്കുന്നു.”വാക്കെത്ര ജീവന്‍റെ നാളം; അതില്‍ സ്നേഹം വീഴ്ത്തുവാന്‍ മാത്രം മറന്നിടായ്ക” എന്ന വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വാക്കുകള്‍ തന്നെയായിരിക്കാം “മാപ്പ് നല്‍കുമോ”
എന്ന കവിത എഴുതുവാന്‍ കവിയെ പ്രേരിപ്പിച്ചത്.
“മാപ്പിരക്കുന്നു ഞാന്‍ കുഞ്ഞേ മനുഷ്യരാം
കാട്ടാളരോടു പൊറുക്കുമോ നീ” എന്നെഴുതാല്‍ പ്രേരണ നല്‍കിയത്
പശ്ചിമേഷ്യയിലെ സംഘര്‍ഷ മേഖലയില്‍ അയല്‍രാജ്യത്തിന്‍റെ
ആക്രമണത്തില്‍ കൊല്ലപ്പെട്ട ബാലന്‍റെ മൃതദേഹവുമായി
വിലപിക്കുന്ന മാതാവിന്‍റെ ചിത്രമാണ്.അമ്മയുടെ കണ്ണീരിന്‍റെ
കാരണങ്ങള്‍ ” രാജ്യം,അതിര്‍ത്തി,മതം,വംശമേന്‍മകള്‍,
രാഷ്ട്രതന്ത്രജ്ഞത,യുച്ചകോടി…” തുടങ്ങിയവയാണെന്ന്
കവി കുറിക്കുന്നു ” ഒന്നും നിനക്കറിയില്ല നീയമ്മതന്‍
കണ്ണീന്നു കണ്ണായൊരുണ്ണി മാത്രം ” എന്ന ഈരടി അനുവാചകന്‍റെ കണ്ണുകളെ ഈറനണിയിക്കുന്നു.
ഗൗരവതരമായ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കൊപ്പം തന്നെ ഗൃഹാതുരത സ്ഫുരിക്കുന്ന ഓണവിഷാദം,ചങ്ങാതിയോട്,
ഓര്‍മ്മയിലെ ബാല്യം,പിതൃദു:ഖം,അക്ഷരസ്വപ്നം തുടങ്ങിയ കവിതകളും സമാഹാരത്തിലുണ്ട്.ഒ എന്‍ വിക്കുറുപ്പില്ലാത്ത 2016ലെ ഓണം കവിക്ക് ഇങ്ങനെ;
” പൂക്കളം,സദ്യ,യൂഞ്ഞാല്‍,തിരുവാതിര
കാല്‍പന്തിവയൊക്കെച്ചേരുകിലും
ഓയെന്‍വിക്കാവ്യങ്ങളില്ലാത്തത്തൊരീയോണം
ഓര്‍ത്താല്‍ നിറംകെട്ടൊരോണമല്ലീ”
ചെറുതും വലുതുമായ നാല്പത്തിനാല് കവിതകളാണ് സമാഹാത്തിലുളളത്. കവിതകള്‍ക്കൊപ്പം കവിതന്നെ വരച്ചിരിക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ മിഴിവ് നല്‍കുന്നു.പ്രഭാത് ബുക്സ് ഹൗസാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here