മൂന്നാഴ്ചകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് കാല്‍നൂറ്റാണ്ടിനിടെ ഏറ്റവും ശക്തമായ കാലവര്‍ഷമാണിത്. രാജ്യത്താകമാനം ഇതുവരെ 10 ശതമാനം അധിക മഴ ലഭിച്ചു. കേരളത്തില്‍ 14 ശതമാനവും.

ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍വരെയാണ് കാലവര്‍ഷം. എന്നാല്‍, ഇക്കുറി കാലവര്‍ഷം ഒക്ടോബര്‍ പകുതി കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്ത് തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദമാണ് കാലവര്‍ഷത്തിന്റെ പിന്മാറ്റം വൈകിക്കുന്നത്.

ഒക്ടോബര്‍ അവസാനത്തോടെയാണ് തുലാവര്‍ഷം ആരംഭിക്കേണ്ടത്. ഒരാഴ്ച വൈകി ജൂണ്‍ എട്ടിനാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്. ജൂണില്‍ 33 ശതമാനം മഴക്കുറവുണ്ടായി. എന്നാല്‍ ആഗ്സതിലെ മഴക്കുറവ് നികത്തി ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇപ്രാവശ്യം അധിക മഴ ലഭിച്ചു.

വെള്ളിയാഴ്ചവരെ കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.