ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കപ്പടിക്കും; മുടി മുതല്‍ നഖം വരെ അഴിച്ച് പണിത് മഞ്ഞപ്പട; ബ്ലാസ്റ്റേഴ്‌സ് മെനയുന്ന തന്ത്രങ്ങള്‍ ഇങ്ങനെ

നൈജീരിയന്‍ താരം ഒഗ്ബച്ചേക്കിന് പിറന്നാള്‍ സമ്മാനമായി കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനം. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ടീമിന്റെ ഹെഡ് കോച്ച് ഈല്‍കോ ഷട്ടോറി ഐഎസ്എല്ലിന്റെ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നായക സ്ഥാനം ഈ മുപ്പത്തി നാലുകാരനെ ഏല്‍പ്പിച്ചത്.

വിവിധ ലോക രാഷ്ട്രങ്ങളിലെ ക്ലബുകള്‍ക്കായി ഫോര്‍വേര്‍ഡ് പൊസിഷനില്‍ കളിച്ച അനുഭവ സമ്പത്താണ് ബ്ലാസ്റ്റേഴ്‌സിന്റെ അമരത്തേക്ക് എത്താന്‍ ഒഗ്ബച്ചെയെ സഹായിച്ചത്.
ബര്‍ത്ത ലോമിയോ ഒഗ്ബച്ചെ എന്ന മുപ്പത്തിനാലുകാരന്‍ കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടിയാണ് ബൂട്ടണിഞ്ഞത്.

പതിനേഴാം വയസ്സില്‍ പിഎസ്ജിയിലൂടെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച ഒഗ്ബച്ചെ ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, നേതര്‍ലാണ്ട്, ഗ്രീസ്, യു എ ഇ എന്നീ രാജ്യങ്ങളിലെ മുന്‍ നിര ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

സെന്‍ട്രല്‍ ഫോര്‍വേര്‍ഡ് പൊസിഷനില്‍ കരുത്തുറ്റ മുന്നെറ്റങ്ങളാണ് മൈതാനത്ത് ഒഗ്ബച്ചെയേ വ്യത്യസ്തനാക്കുന്നത്. പരിചയ സമ്പന്നനായ താരമെന്ന നിലയില്‍ വലിയ പ്രതീക്ഷ ഒഗ്ബച്ചെയുടെ ക്യാപ്റ്റന്‍സിയില്‍ ഉണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഈല്‍ക്കോ ഷട്ടോറി പറഞ്ഞു.

പിറന്നാള്‍ ദിനത്തിലാണ് ടീമിന്റെ അമരക്കാരനായി ഒഗ്ബച്ചെയെ പ്രഖ്യാപിച്ചത്. ഇത് വലിയ അംഗീകാരവും പദവിയുമാണെന്ന് ചടങ്ങില്‍ ഒഗ്ബച്ചെ പറഞ്ഞു.

2002 മുതല്‍ 2005 വരെ നൈജീരിയന്‍ ദേശീയ ടീമംഗമായിരുന്നു ഒഗ്ബച്ചെ. 2002ല് ദക്ഷിണ കൊറിയയില്‍ നടന്ന ലോകകപ്പില്‍ നൈജീരിയയ്ക്ക് വേണ്ടിയും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here