ഗാന്ധിയും ആർഎസ്എസും തമ്മിൽ പരസ്പര ബഹുമാനം ഉണ്ടായിരുന്നു എന്ന വാദം ശരിയാണോ ?; ഗാന്ധിയെ പിൻപറ്റാൻ ബിജെപിയും ആർഎസ്എസും വെമ്പുന്നത് എന്തുകൊണ്ട് ?

ശുചിത്വം, അഹിംസ, സ്വദേശി, സ്വരാജ്, ലാളിത്യം എന്നതാണ് ഗാന്ധി ജയന്തി ദിനത്തിലെ ബിജെപിയുടെ മുദ്രാവാക്യം.

എന്നാൽ ഈ പട്ടികയിൽ ഗാന്ധി പ്രധാനമായി ഉന്നയിച്ച സാമുദായിക സൗഹാർദ്ദം, ഹിന്ദു -മുസ്ലിം ഐക്യം എന്നിവ ഇടം പിടിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അത് പോലെ ജാതീയമായ തരംതിരിവിനെതിരെ ഗാന്ധി മുന്നോട്ട് വച്ച അഭിപ്രായങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ല.

അതായത് ഗാന്ധി മുന്നോട്ട് വച്ച സാമൂഹിക, രാഷ്ട്രീയ കാര്യങ്ങളിൽ പ്രധാനപ്പെട്ടത് ഉപേക്ഷിച്ചാണ് ബിജെപിയുടെ ഗാന്ധി സ്മൃതി എന്നർത്ഥം. ഗാന്ധി വധത്തിനു നിദാനമായ മുദ്രാവാക്യങ്ങൾ മാറ്റി നിർത്തപ്പെട്ടു എന്ന് സാരം.

ഗാന്ധിയെ ദത്തെടുക്കാനുള്ള ബിജെപി നീക്കത്തെ അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒരു ജനവിഭാഗം ഉണ്ട്. ബിജെപി ഗാന്ധിയൻ ആശയങ്ങളെ ഉൾക്കൊള്ളുന്നുവോ എന്ന ചിന്തയുള്ള ചിലരുമുണ്ട്.

സ്വച്ഛത അഭിയാനെ കുറിച്ച് പ്രധാനമന്ത്രി റെഡ് ഫോർട്ടിൽ വാ തോരാതെ പ്രസംഗിച്ചപ്പോൾ മോഡി തന്നെയോ എന്ന് ചിലർ സംശയിച്ചു.

രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം വിഭജന രാഷ്ട്രീയ ആരോപണം നേരിട്ട മോഡിയും മാറി ചിന്തിക്കുന്നുവോ എന്ന സംശയം ബലപ്പെട്ടു.

എന്നാൽ ഇത് ആദ്യമായല്ല ബിജെപി എന്ന രാഷ്ട്രീയ രൂപവും മാതൃരൂപമായ ആർഎസ്എസും ഗാന്ധിയെ വെച്ച് കളിക്കുന്നത്.

ഗാന്ധി വധത്തിനു തൊട്ടുപിന്നാലെ” പ്രഥ സ്മരണീയ “പട്ടികയിൽ ആർഎസ്എസ് ഗാന്ധിയെ ഉൾപ്പെടുത്തിയിരുന്നു. ഗാന്ധിയുടെ വധത്തിനും തുടർന്നുള്ള അക്രമങ്ങൾക്കും കാരണം ആർഎസ്എസ് ആണെന്ന ചീത്തപ്പേര് ഒഴിവാക്കാനുള്ള ശ്രമം ആയിരുന്നു അത്‌.

പിന്നീട് ഗാന്ധിയൻ സോഷ്യലിസം എന്ന ഒരു പ്രയോഗം അടൽ ബിഹാരി വാജ്‌പേയിയും സ്വീകരിച്ചു. അതായത് ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും സംഘപരിവാർ സംഘടനകൾ ഗാന്ധി പാരമ്പര്യം പിന്പറ്റുന്നതായി നടിച്ചു എന്ന് വ്യക്തം.

എന്നാൽ ഗാന്ധിക്കും ആർഎസ്എസിനും പൊതുവായി എന്തെങ്കിലും ഉണ്ടോ? ചിലർ പറയും ഹിന്ദുയിസം എന്ന്. എന്നാൽ രണ്ടും വ്യത്യസ്തമാണെന്ന് കൃത്യമായ നിരീക്ഷണത്തിൽ മനസിലാകും.

ആർഎസ്എസിനെ സംബന്ധിച്ച് മതപരമോ ആധ്യാത്മികപരമോ ആയ ഒന്നല്ല ഹിന്ദുയിസം മറിച്ച് രാഷ്ട്രപരമാണ്. ഭരണപരമായ ആധ്യപത്യത്തിനു മതത്തെയും ആധ്യാത്മികതയെയും ഉപയോഗിക്കുന്നു എന്നെ ഉള്ളൂ. എന്നാൽ ഗാന്ധിക്ക് അത്‌ വ്യക്തിപരമായ ഒന്നായിരുന്നു.

അത്‌ അധികാരത്തിലേക്കുള്ള മാർഗവും ആയിരുന്നില്ല. മഹാഭാരതവും രാമായണവും ഗീതയും ആർഎസ്എസിന് ചരിത്ര രേഖകൾ ആണ്.

എന്നാൽ ഗാന്ധിക്കത് മഹാകാവ്യങ്ങൾ ആയിരുന്നു. ചരിത്രപുരുഷനായ രാമന്റെ ജന്മസ്ഥലം പിടിച്ചെടുക്കാൻ സംഘപരിവാർ സംഘടനകൾക്ക് ഒരു പള്ളി തന്നെ പൊളിക്കാനാകും.

എന്നാൽ ഗാന്ധി വ്യത്യസ്തനായിരുന്നു. ഗോവധ നിരോധനത്തെ കുറിച്ചുള്ള ആവശ്യത്തെ കുറിച്ച് രാജേന്ദ്ര പ്രസാദ് പറഞ്ഞപ്പോൾ ഒരു വലിയ “വേണ്ട” ആയിരുന്നു ഗാന്ധിയുടെ മറുപടി. കാരണം ഇന്ത്യയിൽ ഗോമാംസം ഭക്ഷിക്കുന്നവർ ഉണ്ട്.

ആർഎസ്എസിന് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. ബാക്കിയുള്ള മതസ്ഥർ ഒന്നുകിൽ പിന്നീട് വന്നവരോ അല്ലെങ്കിൽ പൂർണമായും വരത്തന്മാരോ ആണ്.

ഇവർ ഒരു ജീവിതശൈലി എന്ന നിലയിൽ ഹിന്ദുത്വത്തെ മുറുകെ പിടിക്കണം എന്ന നിർബന്ധം സംഘപരിവാറിന് ഉണ്ട് താനും.

വന്ദേമാതരം പാടാനോ എന്തിന് ദേശീയ പതാക പിടിക്കാൻ പോലും ആരെയും നിർബന്ധിക്കരുത് എന്നാണ് ഗാന്ധി വിദ്യാർത്ഥികളുമായി സംവദിക്കവേ പറഞ്ഞത്.

അതായത് ഗാന്ധിയും ആർഎസ്എസും രണ്ട് ധ്രുവങ്ങൾ ആണ്. പിന്നെന്തിനാവും ആ സംഘടന ഗാന്ധിയുടെ പിന്നാലെ കൂടുന്നത്.

അതിനൊരു കാരണം ഗാന്ധിക്കും ആർഎസ്എസിനും തുല്യ സ്ഥാനം ഉറപ്പിക്കുക എന്നാണ്. ഗാന്ധിക്കും ആർഎസ്എസിനും പരസ്പര ബഹുമാനവും പാരസ്പര്യവും ഉണ്ട് എന്ന വാദം നിരത്തുന്നതും ഈ ലക്ഷ്യം വെച്ചാണ്.

ഗാന്ധിയെ അഭിമുഖീകരിക്കുമ്പോൾ ആ സംഘടന നേരിടുന്ന അപകർഷതാ ബോധത്തിന്റെ പ്രതിവിധി ആണവർക്ക് ആവശ്യം. ഇന്ത്യൻ മനസ്സിൽ ഇപ്പോഴും ഭീമാകാരനായി തന്നെ ഗാന്ധി കുടികൊള്ളുന്നുവെന്ന് സംഘപരിവാർ ഭയക്കുന്നു.

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ എടുത്തു പറയാവുന്ന ഒരു ചരിത്രവും ഉള്ള സംഘടന അല്ല ആർഎസ്എസ്. അതുകൊണ്ട് ഗാന്ധിയെ വഴികാട്ടിയായും അംബേദ്കറെ ഭരണഘടനാ സ്രഷ്ടാവായും ഭഗത്സിങ്ങിനെ വിപ്ലവനക്ഷത്രമായും കൂടെ കൂട്ടാനാണ് പദ്ധതി. കാരണം അങ്ങനൊരു പാരമ്പര്യം ആ സംഘടനക്ക് ഇല്ലാതെ പോയി എന്നത് തന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News