ഗാന്ധി ജയന്തി ദിനത്തിൽ വിവാദ പോസ്റ്റുമായി ബിജെപി നേതാവ് അഡ്വക്കേറ്റ് ബി.ഗോപാലകൃഷ്ണൻ. മരിച്ചില്ലായിരുന്നെങ്കിൽ ഗാന്ധി ആര്‍എസ്എസ് ആയേനെ എന്നാണ് ഗോപാലകൃഷ്ണൻ തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിൽ പറയുന്നത്

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

ഗാന്ധിജി ആര്‍എസ്എസ് ശാഖയിൽ പങ്ക് ചേർന്നു. ഗോഡ്സെ വധിച്ചില്ലായിരുന്നെങ്കിൽ ഗാന്ധിജി ആര്‍എസ്എസ് ന്റെ ഭാഗമായേനെ. ഗാന്ധിജിയും ഗാന്ധി ശിഷ്യന്മാരും ആര്‍എസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുമായി നിരന്തര സമ്പർക്കത്തിലായിരുന്നു.

1934 ഡിസംബർ 24 ന് ഗാന്ധിജി ആര്‍എസ്എസ് ശാഖയിൽ പങ്കെടുത്ത് ഭഗവദ് ധ്വജത്തിനെ പ്രണമിച്ചു. ശാഖയിൽ പങ്കെടുത്തത് തനിക്ക് ഏറെ സന്തോഷമായെന്നും ജാതിരഹിത ഹിന്ദു സമൂഹം സൃഷ്ടിക്കുന്നത് ഏറ്റവും നല്ല കാര്യമാണന്നും, ‘ശക്തമായി സംഘടന പ്രവർത്തനം തുടർന്ന് നടത്തണമെന്നും, മികച്ച പ്രവർത്തനം രാജ്യത്ത് നടത്താൻ ആര്‍എസ്എസ് ന് കഴിയുമെന്നും ഹിന്ദുക്കളെ സംഘടിപ്പിക്കുന്നത് ദേശീയ താൽപ്പര്യമാണെന്നും ഗാന്ധിജി അഭിപ്രായപ്പെട്ടു’.

തുടർന്ന് ഹെഡ്ഗേവാറിനെ നേരിട്ട് കാണണമെന്ന ഗാനധിജിയുടെ നിർദ്ദേശപ്രകാരം ഡിസം 25 ന് ഗാന്ധിജി-ഹെഡ്ഗേവാർ കൂടിക്കാഴ്ച്ചയും ചർച്ചയും നടന്നു. താങ്കൾ എന്നേക്കാൾ നല്ല സംഘാടകനാണെന്നും ഞാൻ ആര്‍എസ്എസ് ൽ പ്രതീക്ഷ അർപ്പിക്കുന്നു എന്നും ഗാന്ധിജി ഹെഡ്ഗേവാറിനോട് പറഞ്ഞു.

ഗാന്ധിജിയുടെ മനസ്സ് അറിഞ്ഞ ശരിയായ ഗാന്ധി ശിഷ്യന്മാർ കൂട്ടത്തോടെ ആര്‍എസ്എസ് അനുഭാവികളും പ്രവർത്തകരുമായി മാറി. ഗാന്ധിജിയും ഡോക്ടർജിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെ പരസ്പര പൂരകങ്ങളായിരുന്നു.

ഗാന്ധിജി ബ്രിട്ടീഷ് അടിമത്തത്തിനെതിരെ പോരാടി ,ഡോക്ടർജി ഭാരതീയരുടെ മാനസീക അടിമത്തത്തിനെതിരെ പോരാടി. സ്വതന്ത്ര്യപ്രാപ്തിക്ക് ശേഷവും ഗാന്ധിജി ആര്‍എസ്എസ് മായി സഹകരിക്കുകയും ഡൽഹിയിലെ ഭംങ്കി കോളനിയിൽ നടന്ന ആര്‍എസ്എസ് ശാഖയിൽ പങ്കെടുത്ത് പ്രസംഗിക്കുകയും ചെയ്തു.

ഗുരുജി ഗോൾവാൾക്കറുമായി വളരെ അടുപ്പത്തിലും പരസ്പരം ചർച്ചകളും നടത്തി. ആര്‍എസ്എസ് ഭാരത വിഭജനത്തിന് എതിരായിരുന്നു. ഗാന്ധിജിയും വിഭജനത്തെ എതിർത്തു. എന്നെ വെട്ടിമുറിച്ചാലും രാജ്യത്തെ വെട്ടിമുറിക്കരുതെന്ന് ഗാന്ധിജി നെഹ്രു അടക്കമുള്ളേ കോൺഗ്രസ്സ് നേതാക്കളോട് ആപേക്ഷിച്ചു.

എന്നാൽ ഗാന്ധിജിയെ ഒരു ഭാരമായിട്ടാണ് ചിലപ്പോൾ കോൺഗ്രസ്സ് നേതാക്കൾ കണ്ടിരുന്നത്. സ്വന്തം അധികാരത്തിനായി ഗാന്ധിജിയെ മറന്ന് രാജ്യത്തെ വെട്ടിമുറിക്കാൻ കൂട്ട് നിന്നു.

ഗാന്ധി ചിന്തകളെ തിരസ്കരിച്ച നെഹ്രുവും കോൺഗ്രസ്സും ഗാന്ധി ചിന്തകൾ ഇൻഡ്യയിൽ നടപ്പാക്കാതിരിക്കാൻ കമ്മ്യൂണിസ്റ്റ്കളെ കൂട്ട് പിടിച്ച് ആര്‍എസ്എസ് നെ എതിർത്തു.

ഗോപരിപാലനവും, സ്വദേശിയും, ജാതി നിർമ്മാർജ്ജനവും അടക്കം ഗാന്ധി ചിന്തകൾ ആര്‍എസ്എസ് നടപ്പാക്കാനും പ്രചരിപ്പിക്കാനും തീരുമാനിച്ചതോടെ നെഹ്രൂവ്യൻ കോൺഗ്രസ്സ് പ്രകടമായി ആര്‍എസ്എസ് വിരുദ്ധരായി പോലീസിനെ കൊണ്ട് ക്രൂരമായി മർദ്ദിച്ച് ഇല്ലാത്ത കളവ് പ്രചരിപ്പിച്ച് ആര്‍എസ്എസ് നെ തകർക്കാൻ ശ്രമിച്ചു.

ആര്‍എസ്എസ് ന് ഭരണഘടന വേണമെന്ന് ആദ്യമായി ഉപദേശിച്ചത് ഗാനധിജിയാണ് ‘. ആര്‍എസ്എസ് വളരേണ്ടതും നിലനിൽക്കേണ്ടതും അനിവാര്യമാണെന്ന തോന്നൽ ഗാന്ധിജിക്ക് ഉണ്ടായിരുന്നത് കൊണ്ടായിരുന്നു ഉപദേശിച്ചത്.

കോൺഗ്രസ്സിൽ പ്രതീക്ഷ നഷ്ടപ്പെട്ട ഗാന്ധിജി ആര്‍എസ്എസ് ൽ ആയിരുന്നു പ്രതിക്ഷ അർപ്പിച്ചത്. ഗാന്ധി ശിഷ്യന്മാർ പ്രമുഖർ എല്ലാം ആര്‍എസ്എസ് അനുഭാവികളായി മാറി.

ഒരിക്കൽ പോലും ആര്‍എസ്എസ് നെ ഗാന്ധിജി വിമർശിച്ചിട്ടില്ല. ഗാന്ധി സാഹിത്യത്തിൽ ഒരിടത്തും ഒരു വരി പോലും കണ്ടിട്ടില്ല. കോൺഗ്രസ്സിനേയും കമ്മ്യൂണിസ്റ്റുകളേയും വിമർശിച്ചിട്ടുണ്ട്.

ഇതാണ് ചരിത്ര യാഥാർത്ഥ്യം… (അവലംബം: കെ.ആർ മക്കാനിയുടെ പുസ്തക, ഗാനധി സാഹിത്യം, 2019 ആഗസ്റ്റ് 12 ന് ഇൻഡ്യൻ എക്സ്പ്രസ്സ് പത്രം.)