അട്ടപ്പാടിയിൽ അണക്കെട്ട് നിർമ്മിക്കാന്‍ സർക്കാർ; പ്രതീക്ഷയോടെ കര്‍ഷകര്‍

അട്ടപ്പാടിയിൽ അണക്കെട്ട് നിർമിച്ച് ജലസേചന പദ്ധതി നടപ്പിലാക്കാനുള്ള നീക്കം സർക്കാർ സജീവമാക്കിയതോടെ കർഷകർ വലിയ പ്രതീക്ഷയിലാണ്. ശിരുവാണി പുഴയിൽ 458 കോടി ചെലവ് വരുന്ന വൻ കിട ജലസേചന പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.

മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് വൻകിട ജലസേചന പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവുന്നത്. ഭവാനി പുഴയുടെ പോഷക നദിയായ ശിരുവാണി പുഴയ്ക്ക് കുറുകെ അഗളി – ഷോളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചിറ്റൂരിൽ 450 മീറ്റർ നീളവും 51.5 മീറ്റർ ഉയരവുമുള്ള കോൺക്രീറ്റ് അണക്കെട്ടാണ് നിർമിക്കുക.മുകൾഭാഗത്ത് എട്ട് മീറ്റർ വീതിയുണ്ടാവും. അണക്കെട്ടിനായുള്ള പഠനം പൂർത്തിയാക്കി പദ്ധതി രേഖ തയ്യാറാക്കിക്കഴിഞ്ഞു. പദ്ധതി യാഥാർത്ഥ്യമായാൽ അട്ടപ്പാടിയിലെ ജലക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

കാവേരി ട്രിബ്യൂണൽ വിധി പ്രകാരം ഭവാനി പുഴയിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട ജലം ഉപയോഗിയ്ക്കാൻ കഴിയുന്ന തരത്തിലാണ് നിർ ദ്ധിഷ്ട പദ്ധതി. ഇതിലൂടെ 2.87 TMC ജലം സംഭരിക്കാനാവും. അഞ്ച് ഷട്ടറുകളുള്ള ഡാമിലൂടെ വലതുകരയിലും ഇടതുകരയിലുമായി 47 കിലോമീറ്റർ ദൂരത്തിൽ കോൺക്രീറ്റ് പൈപ്പിലൂടെ ജലം കർഷകർക്ക് എത്തിക്കും.

ആദിവാസി മേഖലയിലെ കർഷകർക്കുൾപ്പെടെ 4255 ഹെക്ടർ പ്രദേശത്തെ കൃഷിക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. കുടിവെള്ള വിതരണ സംവിധാനവും പദ്ധതിയിൽ ഉൾപ്പെടുന്നു. ഏഴ് ദശലക്ഷം ലിറ്റർ ജലമാണ് കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുക. വ്യാവസായിക ആവശ്യത്തിനും ഇവിടെനിന്ന് ജലം നൽകും. കേന്ദ്ര ജലവിഭവ കമ്മീഷന്റെ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതിനാൽ വിവിധ വകുപ്പുകളുടെ അനുമതി വേഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News