സിപിഐ എം-ബിജെപി വോട്ടുകച്ചവടം എന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടര്‍ച്ചയായി ആരോപിക്കുന്നത് പാലായില്‍ യുഡിഎഫ് തോറ്റതിന്റെ ജാള്യത മറയ്ക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐ എമ്മിനു ആര്‍എസ്എസിന്റെ വോട്ട് ആവശ്യമില്ല. കോണ്‍ഗ്രസാണ് ബിജെപിയുമായി കേരളത്തില്‍ 1991 മുതല്‍ വോട്ടുകച്ചവടം നടത്തുന്നത്. അന്ന് കോ-ലീ-ബി സഖ്യം അരങ്ങേറി-മാധ്യമങ്ങളോട് കോടിയേരി പറഞ്ഞു.

ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആറിടത്തൊഴികെയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ബിജെപിയുടെ വോട്ട് വാങ്ങി. ശബരിമല കര്‍മസമിതി വഴിയാണ് ഈ കച്ചവടം നടത്തിയത്. ആര്‍എസ്എസിനെ നിരന്തരം പിന്തുണയ്ക്കുന്ന ശശി തരൂരിനെതിരെ നടപടി സ്വീകരിക്കാന്‍ മുല്ലപ്പള്ളിക്ക് ധൈര്യമുണ്ടോ എന്ന് കോടിയേരി ചോദിച്ചു.

വിശ്വാസികള്‍ക്കും വിശ്വാസത്തിനും സിപിഐ എം എതിരല്ലെന്ന് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈ ക്ഷേത്രസന്ദര്‍ശനം നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തോട് കോടിയേരി പ്രതികരിച്ചു. കമ്യൂണിസ്റ്റ് പാര്‍ടി വിശ്വാസത്തിനു എതിരാണെന്ന തെറ്റായ പ്രചാരണം പണ്ടേയുള്ളതാണ്. ഇതിന്റെ ഭാഗമാണ് സ്ഥാനാര്‍ഥിയുടെ ക്ഷേത്രസന്ദര്‍ശനത്തെക്കുറിച്ചുള്ള ആരോപണങ്ങളെന്ന് കോടിയേരി പറഞ്ഞു.