1994ല്‍ കേന്ദ്രം അടച്ചുപൂട്ടിച്ചു; ആറ്റിങ്ങല്‍ സ്റ്റീല്‍ ഫാക്ടറി പുനരുജ്ജീവിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

കാല്‍നൂറ്റാണ്ടായി അടഞ്ഞുകിടക്കുന്ന ആറ്റിങ്ങല്‍ സ്റ്റീല്‍ ഫാക്ടറി നവീകരിച്ച് തുറന്ന് പ്രവര്‍ത്തിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇരുപതുകോടി ചെലവിലാണ് ഫാക്ടറി പുനരുജ്ജീവിപ്പിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. പുനരുദ്ധാരണത്തിന്റെ ഭാഗമായി ടൂള്‍ റൂം പ്രവര്‍ത്തനക്ഷമമാക്കി പരിശീലന പരിപാടിക്ക് വ്യാഴാഴ്ച്ച തുടക്കം കുറിക്കും.

സോളാര്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, പ്രിസിഷന്‍ എന്‍ജിനിയറിങ്, ത്രി ഡി പ്രിന്റിങ്ങ് ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളുടെ കേന്ദ്രമായി ഫാക്ടറി മാറും. ഐഎസ്ആര്‍ഒ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള സാങ്കേതിക ഉപകരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനും പാരമ്പര്യവ്യവസായങ്ങളായ കയര്‍, മത്സ്യം എന്നിവയുടെ വികസനത്തിനും വലിയ സാധ്യതയാണ് ഇതിലൂടെ തുറന്നുകിട്ടുക. സോളാര്‍ പ്ലാന്റുകളുടെ വികസനം, ഇലക്ട്രോണിക് വാഹനങ്ങളുടെ വികസനം എന്നിങ്ങനെ നൂതന ആശയങ്ങളുമായി എത്തുന്ന സംരംഭകര്‍ക്ക് സാങ്കേതികസഹായം ലഭ്യമാക്കും. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യപരിശീലനവും ഇവിടെ ലഭ്യമാക്കും. ഐടിഐ, പോളിടെക്‌നിക്ക്, എന്‍ജിനിയറിങ് ബിരുദധാരികളായ നിരവധിപേര്‍ക്ക് തൊഴിലവസരം ലഭിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ സൂക്ഷ്മ ചെറുകിട വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള ഫാക്ടറി 1994ല്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് കാടുകയറി നശിക്കുകയായിരുന്നു. 1964ല്‍ മൂന്നുമുക്ക് ജങ്ഷനില്‍ ദേശീയപാതയോട് ചേര്‍ന്ന് ഒരേക്കര്‍ സ്ഥലത്താണ് ചെമ്പ്, പിച്ചള, അലുമിനിയം, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയുടെ ഉല്‍പ്പാദന പരിശീലന യൂണിറ്റ് ആരംഭിച്ചത്. എന്നാല്‍, 1994ലെ നരസിംഹറാവു സര്‍ക്കാര്‍ രാജ്യത്താകമാനം പ്രവര്‍ത്തിച്ചിരുന്ന 270 സ്റ്റീല്‍ ഫാക്ടറികള്‍ക്ക് താഴിട്ടതിനെതുടര്‍ന്ന് ഈ ഫാക്ടറിയും അടച്ചിടുകയായിരുന്നു. ഫാക്ടറി പരിസരം ബി സത്യന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ കഴിഞ്ഞ ദിവസം ശുചീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News