ഭാരത് പെട്രോളിയത്തില്‍ കണ്ണുവച്ച് യുഎസ് ഭീമന്‍; കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഈയാഴ്‌ച

ദില്ലി: ഇന്ത്യയുടെ മഹാരത്ന കമ്പനിയായ ഭാരത്‌ പെട്രോളിയം ലിമിറ്റഡ്‌ (ബിപിസിഎൽ) കൈക്കലാക്കാൻ അമേരിക്കൻ കമ്പനി രംഗത്ത്‌.

അമേരിക്കയിലെ വൻകിട എണ്ണക്കമ്പനി എക്‌സോൺ -മൊബീൽ ആണ്‌ താൽപ്പര്യം പ്രകടിപ്പിച്ചത്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡി സെപ്‌തംബറിൽ നടത്തിയ ഹൂസ്‌റ്റൺ സന്ദർശനത്തിൽ അമേരിക്കൻ എണ്ണക്കമ്പനി മേധാവികളുമായുള്ള ചർച്ചയിൽ ബിപിസിഎൽ വിൽപ്പനയും വിഷയമായെന്ന്‌ സൂചനയുണ്ട്‌.

ഈ കൂടിക്കാഴ്‌ചയിൽ എക്‌സോൺ മൊബീലിന്റെ സിഇഒയും പങ്കെടുത്തു. ഊർജമേഖലയിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന്‌ ചർച്ചക്കുശേഷം പ്രധാനമന്ത്രി കാര്യാലയം ട്വീറ്റ്‌ ചെയ്‌തിരുന്നു.

ബിപിസിഎല്ലിൽ കേന്ദ്രസർക്കാരിനുള്ള 53.29 ശതമാനം ഓഹരി 60,000–-70,000 കോടിരൂപയ്‌ക്ക്‌ വിൽക്കാൻ സെക്രട്ടറിതല സമിതി കഴിഞ്ഞദിവസം അനുമതി നൽകി. അന്തിമതീരുമാനം കേന്ദ്ര മന്ത്രിസഭ ഈയാഴ്‌ച കൈക്കൊള്ളും.

പ്രതിവർഷം 12,000 കോടിയിൽപ്പരം രൂപയുടെ പ്രവർത്തനലാഭമുള്ള ബിപിസിഎൽ ഏറ്റെടുക്കാൻ ഗൾഫ്‌ ഉൾപ്പെടെയുളള രാജ്യങ്ങളിലെ എണ്ണക്കമ്പനികൾക്കും അതീവ താൽപ്പര്യമുണ്ട്‌. എന്നാൽ അമേരിക്കൻ കമ്പനിക്ക്‌ നൽകാനാണ്‌ കേന്ദ്രം ലക്ഷ്യമിടുന്നത്‌.

ധനകമ്മി നികത്തുന്നതിന്‌ വൻലാഭത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ അടക്കം ഓഹരികൾ വിറ്റഴിക്കാനാണ്‌ സെക്രട്ടറിതല സമിതിയുടെ തീരുമാനം.

ബിപിസിഎൽ സ്വകാര്യവൽക്കരണം രാജ്യത്തിന്റെ ഊർജസുരക്ഷയ്‌ക്കും അപകടമാണെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു.

ബിപിസിഎൽ വിദേശകമ്പനി ഏറ്റെടുത്താൽ ഇന്ധനവിപണിയിൽ ഇപ്പോൾ നടക്കുന്നതിനെക്കാൾ കൊടിയ ചൂഷണമാണ്‌ ഭാവിയിൽ ഉണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News