മരട് ഫ്ലാറ്റ്: സമയ പരിധി ഇന്ന് തീരും; കൂടുതല്‍ താമസക്കാര്‍ ഒ‍ഴിഞ്ഞു; വെള്ളവും വൈദ്യുതിയും വിച്ഛേദിക്കും

കൊച്ചി: സുപ്രീംകോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകളിൽനിന്ന്‌ കൂടുതൽ താമസക്കാർ ഒഴിഞ്ഞു. സമയപരിധി വ്യാഴാഴ്‌ച അവസാനിക്കും.

ചില ഉടമകൾ കൂടുതൽ സമയം ചോദിച്ചെങ്കിലും നീട്ടില്ലെന്ന്‌ പൊളിക്കലിന്റെ ചുമതലയുള്ള സബ്‌ കലക്‌ടർ സ്‌നേഹിൽ കുമാർ സിങ്‌ പറഞ്ഞു.

നാല് ഫ്ലാറ്റുകളിലുള്ള 343 ൽ 113 കുടുംബങ്ങൾ ഒഴിഞ്ഞു. 213 പേർ ഒഴിയാൻ സന്നദ്ധരായിട്ടുണ്ട്‌. ഫ്ലാറ്റുകൾ പൊളിക്കാൻ കമ്പനികളുമായി ഏഴിനകം കരാർ ഒപ്പിടും. 11ന്‌ പൊളിക്കൽ നടപടി തുടങ്ങും.

നിയന്ത്രിത സ്‌ഫോടനത്തിലൂടെയാകും ഇത്‌. സമീപവാസികൾക്കുണ്ടാകുന്ന നാശനഷ്‌ടങ്ങൾക്ക്‌ പരിഹാരമുറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളവും വൈദ്യുതിയും വ്യാഴാഴ്‌ച വൈകിട്ട്‌ വിച്ഛേദിക്കും. ഒഴിപ്പിക്കൽ നടപടികൾ വിലയിരുത്താനെത്തിയ സബ്‌ കലക്‌ടറോടാണ്‌ ഒഴിയാനുള്ള സമയപരിധി 16 വരെ നീട്ടണമെന്ന്‌ ഉടമകൾ ആവശ്യപ്പെട്ടത്‌.

വീട്ടു സാധനങ്ങൾ താഴെയിറക്കാൻ ലിഫ്‌റ്റ്‌ സൗകര്യം കുറവാണെന്നും ചൂണ്ടിക്കാട്ടി. ഒഴിപ്പിക്കലിനെതിരെ ഫ്ലാറ്റ്‌ ഉടമകളുടെ പ്രതിഷേധം തുടരുകയാണ്‌.

ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിനുള്ള കർമ പരിപാടിയുമായി മുന്നോട്ടുപോകുമെന്ന്‌ മരട്‌ നഗരസഭാ അധികൃതരും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here