കോഴിക്കോട് താമരശ്ശേരിയില്‍ വിരമിച്ച ഉദ്യോഗസ്ഥ ദമ്പതികളുള്‍പ്പെടെ ആറ് പേര്‍ ദുരൂഹസഹാചര്യത്തില്‍ മരിച്ചസംഭവത്തില്‍ ഒന്നര പതിറ്റാണ്ടിന് ശേഷം കല്ലറ തുറന്ന് പരിശോധിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്.

വര്‍ഷങ്ങളുടെ ഇടവേളകളിലുണ്ടായ മരണത്തിന്റെ സമാനതകളിലെ സംശയത്തെത്തുടര്‍ന്നാണ് നാളെ കല്ലറ തുറന്ന് മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തുക.

താമരശ്ശേരി കൂടത്തായിയില്‍ 2002 മുതല്‍ വര്‍ഷങ്ങളുടെ ഇടവേളകളിലാണ് പൊന്നമറ്റം കുടുംബത്തിലെ ആറ് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.

മരണകാരണത്തിലെ സമാനതയെക്കുറിച്ചുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ആറ് പേരുടെയും മൃതദേഹങ്ങള്‍ പുറതത്തെടുത്ത് ഫോറന്‍സിക് പരിശോധന നടത്തുക.

മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ക്രൈംബ്രാഞ്ച് കൂടത്തായി സെന്റ് മേരീസ് പള്ളി അധികൃതരുടെ അനുവാദം തേടി. നാളെ ഉച്ചയോടെ ക്രൈംബ്രാഞ്ച് സംഘം പള്ളിയിലെത്തി കല്ലറ തുറക്കും.

പൊന്നമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരന്‍ മാത്യു, ബന്ധുവായ സിലി ഇവരുടെ ഒമ്പത് മാസം പ്രായമായ കുഞ്ഞുമാണ് പതിനൊന്ന് വര്‍ഷത്തെ കാലയളവില്‍ ദൂരുഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ചത്. പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിച്ച് കുഴഞ്ഞുവീണായിരുന്നു എല്ലാവരുടെയും മരണം.

റോയിയുടെ കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.

ആറ് വര്‍ഷം മുമ്പ് മരിച്ച റോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ വിഷം അകത്തുചെന്നതാണ് കാരണമെന്ന് കണ്ടെത്തിയിരുന്നു.

ഏറെ കോളിളക്കം സൃഷ്ടിച്ച പൊന്നമറ്റം കേസില്‍ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കെയാണ് കല്ലറ തുറന്ന് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനം.