തിരുവനന്തപുരത്ത് സ്വാമി അഗ്‌നിവേശിനെതിരെയുണ്ടായ കൈയ്യേറ്റ ശ്രമത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന അറുപതോളം പേര്‍ക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി സംഘടിക്കല്‍, കലാപമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ദിവസമാണ് സ്വാമി അഗ്‌നിവേശ് പങ്കെടുത്ത പരിപാടിയില്‍ ബിജെപി – ആര്‍എസ്എസ്സുക്കാര്‍ സ്വാമിക്കെതിരെ കയ്യേറ്റ ശ്രമവും ഭീഷണിയും ഉയര്‍ത്തിയത്. പൂജപ്പുര പൊലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന അറുപതോളം പേര്‍ക്കെതിരെയാണ് കേസ്. ഐ.പി.സി 143,147,149,153 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘടിക്കല്‍, കലാപ ശ്രമം, കലാപം സൃഷ്ടിക്കാനുള്ള പ്രകോപനം സൃഷ്ടിക്കല്‍ എന്നിവയാണ് ഇതില്‍ പ്രധാന വകുപ്പുകള്‍.

വൈദ്യ മഹാ സഭ പൂജപ്പുര സരസ്വതി ക്ഷേത്രമണ്ഡപത്തില്‍ സംഘടിപ്പിച്ച പരമ്പരാഗത വൈദ്യ ശാഖയുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കാനായിരുന്നു സ്വാമി അഗ്‌നിവേശ് എത്തിയത്. എന്നാല്‍ സ്വാമി ഹിന്ദു വിരോധിയും ദേശവിരുദ്ധനുമാണെന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു ഒരു സംഘം ആളുകളുടെ പ്രതിഷേധം. കൂട്ടത്തിലെ ചിലര്‍ വേദിയില്‍ കയറി സ്വാമിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് എത്തിയാണ് അക്രമി സംഘത്തെ അവിടെ നിന്നും പുറത്താക്കിയത്.