രണ്ടായിരത്തി പത്തിലാണ് ആദ്യ ചിത്രത്തിൽ മനേഷ് കൃഷ്ണ (മനു) അഭിനയിക്കുന്നത് അതും മലയാളത്തിലെ അധികായനായ സംവിധായകൻ ലാൽ ഒരുക്കിയ ‘ടൂർണ്ണമെന്റ്’ എന്ന ചിത്രത്തിലൂടെ.

തുടർന്ന് എണ്ണത്തിൽ കുറവെങ്കിലും എന്നെന്നും ഓർക്കുന്ന കഥാപാത്രങ്ങളിലൂടെ മനു തന്റെ സിനിമാ സഞ്ചാരം തുടരുകയാണ് തന്റെ ഏറ്റവും പുതിയ ചിത്രമായ “മുന്തിരി മൊഞ്ചൻ ഒരു തവളപറഞ്ഞ കഥ” എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ കൈരളി ന്യൂസ് ഓൺലൈനുമായി പങ്കുവച്ചപ്പോൾ..

മുന്തിരി മൊഞ്ചനിലെ കഥാപാത്രം, മുന്തിരി മൊഞ്ചൻ എന്ന സിനിമ?

ടോം ഇമ്മട്ടി സംവിധാനം ചെയ്ത മെക്സിക്കൻ അപാരതയ്ക്ക് ശേഷം ഞാൻ അഭിനയിക്കുന്ന ചിത്രമാണ് ‘മുന്തിരിമൊഞ്ചൻ ഒരു തവളപറഞ്ഞ കഥ’. വിജിത്ത് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജിത്ത് ഏട്ടൻ ബേയിസിക്കിലി ഒരു മ്യൂസിക്ക് ഡയറക്റ്ററാണ്.

അദ്ദേഹം തന്നെയാണ് ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നത്. വിശ്വാസ് മൂവീസിന്റെ ബാനറിൽ പി കെ അശോകൻ സാറാണ് മുന്തിരി മൊഞ്ചൻ ഒരു തവളപറഞ്ഞ കഥ നിർമ്മിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വയറലായി തീർന്ന പാലാരിവട്ടം പുട്ടിന്റെ പരസ്യവാചകം എഴുതിയ മനുഗോപാലും മെഹറലി പുല്ലിങ്കലുമാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

നർമ്മത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞു പോകുന്ന ചിത്രമാണ് എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം വിജിത്ത് ഏട്ടൻ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ പേരിനെക്കുറിച്ച് ഒത്തിരി പേർ എന്നോട് ചോദിച്ചിട്ടുണ്ട് എന്താണ് ഇങ്ങനെ ഒരു ടൈറ്റിൽ എന്നത്. സത്യത്തിൽ മലബാർ ഭാഗത്ത് ഫ്രീക്കൻമാരായവരെ വിളിക്കുന്ന ചെല്ലപ്പേരാണ് മുന്തിരിമൊഞ്ചൻ എന്നത്.ഇതിൽ തവളയ്ക്ക് ജീവൻ നൽകിയിരിക്കുന്നത് സലിംകുമാറേട്ടനാണ്.

ചിത്രത്തിൽ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് വിശ്വനാഥൻ എന്നാണ് എങ്കിലും കൂട്ടുകാർക്കിടയിലെ വിളി പേര് വേട്ടാവളിയൻ എന്നാണ്.നായികയുടെ പേര് മാതുളൂട്ടി എന്നാണ്.

വേട്ടാവളിയനും മാതുളൂട്ടിയും ഇതാണ് ചിത്രത്തിലെ നായകന്റെയും നായികയുടെയും പേര്. അതു പോലെ തന്നെ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത വർഷങ്ങൾക്ക് ശേഷം ദേവൻ ചേട്ടനും സലീമ ചേച്ചിയും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണെന്നതാണ്.

ഒരുപാട് നമുക്ക് ഇഷ്ട്ടമുള്ള താരങ്ങൾ ഈ സിനിമയുടെ ഭാഗമാകുന്നുണ്ട് മാത്രമല്ല വിജിത്തേട്ടന്റെ സംഗീതത്തിൽ വളരെ മനോഹരമായ ഗാനങ്ങളും ചിത്രത്തിലുണ്ട്.

ശങ്കർ മഹാദേവൻ സാർ, ഹരിശങ്കർ, ചിത്ര ചേച്ചി എന്നിവരാണ് പാട്ടുകൾ പാടിയിരിക്കുന്നത്. ഹിമാചൽ പ്രദേശിലാണ് ചിത്രത്തിലെ ലൗ സോങ്ങ് ഷൂട്ട് ചെയ്തിരിക്കുന്നത് ഹിമാചൽ പ്രദേശിലെ വളരെ മനോഹരങ്ങളായ സ്ഥലങ്ങളിലാണ്. ഇരുപത്തഞ്ചിന് ചിത്രം പ്രദർശനത്തിന് എത്തുകയാണ് ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

സിനിമ നൽകിയ ജീവിത പാഠങ്ങൾ?

സിനിമ തരുന്ന പാഠങ്ങൾ എന്നു പറയുമ്പോൾ നമ്മൾ ഏത് മുമെന്റിലാണ് സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നത് അവിടെ മുതൽ സിനിമ തന്നു കൊണ്ടിരിക്കുന്നത് പാഠങ്ങൾ തന്നെയാണ്.

എന്താണ് എന്ന് എടുത്തു പറയാൻ തക്കതായി ഒന്നില്ല. പക്ഷേ ഓരോ നിമിഷവും സിനിമ പകർന്ന് തരുന്നത് വലിയ പാഠങ്ങൾ തന്നെയാണ്.

സോഷ്യൽ മീഡിയയിൽ ആക്റ്റർ എന്ന നിലയിൽ ഉള്ള ഇടപെടൽ പങ്കാളിത്തം?

സോഷ്യൽ മീഡിയയിൽ ആക്ടർ എന്ന രീതിയിൽ ഉള്ള ഇടപെടൽ വളരെക്കുറവാണ്. മറ്റുള്ള ആളുകൾ ഒക്കെ സജീവമായി നില നിൽക്കുന്ന ഇടമാണ് അതെന്നറിയാം.

എന്നാൽ എന്തോ ഇപ്പോഴും അത്രകണ്ട് സജീവമാക്കാൻ എനിക്ക് പറ്റുന്നില്ല എന്നതാണ് ചുരുക്കം. ഇനി കമ്മ്യൂണിക്കേഷനോ സംശയ നിവരാണങ്ങൾക്കോ വേണ്ടിയാണെങ്കിൽ നേരിട്ടോ ഫോൺ വഴിയോ സുഹൃത്തുക്കളുമായി സംവദിക്കാറാണ് പതിവ്.

പിന്നെ സിനിമയുമായി ബന്ധപ്പെട്ട സംശയങ്ങളും മറ്റും ക്ലിയർ ചെയ്യുന്നത് ഫ്രൈഡേ എന്ന ചിത്രത്തിന്റെ സംവിധായകനായ ലിജിൻ ഇച്ചായനോടാണ്. അദ്ദേഹം എനിക്ക് അതിനുള്ള കൃത്യമായ മറുപടികൾ തരുകയും ചെയ്യുന്നുണ്ട്.

സിനിമാ ജീവിതത്തിൽ ഏറ്റവും അധികം കടപ്പാടുള്ളത് ആരോടാണ്..?

എന്റെ സിനിമാ ജീവിതത്തിൽ അല്ലെങ്കിൽ എന്റെ കരിയറിൽ എനിക്ക് ഏറ്റവും അധികം കടപ്പാടുള്ളത്; എനിക്ക് ആദ്യമായിട്ട് സിനിമയിൽ അവസരം തന്ന ലാൽ സാറിനോടും, നാൻസി ആന്റിയോടും ലാൽ സാറിന്റെ മകൻ ജീനിനോടുമാണ്.

ഒരു മുൻപരിചയവും ഇല്ലാത്ത എന്നെ അദ്ദേഹത്തിന്റെ ചിത്രത്തിൽ നായകനാക്കിയതിന്. പറഞ്ഞാൽ തീരാത്ത കടപ്പാടാണ് ആ കുടുംബത്തോടുള്ളത്.

ഏതൊരു പുതുമുഖത്തിന്റെയും ആഗ്രഹമായിരിക്കും നല്ല ബാനറിൽ സിനിമ ചെയ്യുക എന്നുള്ളത്. അത്തരത്തിലുള്ള അവസരമാണ് ലാൽ ക്രീയേഷൻ എന്ന ബാനർ ഞാൻ എന്ന നടന്നൽകിയത്. അത്തരത്തിൽ ഒരവസരം എനിക്ക് ലഭിച്ചതിൽ ദൈവത്തോട് നന്ദി പറയുകയാണ്.

മാത്രമല്ല ലാൽ സാറിന്റെ ഫാമിലിയിലെ ഓരോരുത്തരെയും എന്നുമെന്റെ പ്രാർത്ഥനയിൽ ഓർമ്മിക്കാറുണ്ട് . അവർക്കു വേണ്ടിക്കൂടിയാണ് എന്റെ പ്രാർത്ഥനകൾ . അവർ തന്നെയാണ് ഞാൻ എന്ന നടൻ ഉണ്ടാകുവാൻ കാരണം.

ഏറ്റവും പുതിയ സിനിമകളും പ്രതീക്ഷകളും?

ഇപ്പോൾ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന സിനിമ ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന തൃശ്ശൂർപൂരമാണ്. ഫ്രൈഡേ യുടെ കൂടെ ഞാൻ ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്. ഫ്രൈഡേ നിർമ്മിച്ച ആദ്യ ചിത്രത്തിൽ ഞാൻ നായകനായിരുന്നു അവരുടെ.

ഫ്രൈഡേ ഒരുപാട് സിനിമകൾ ചെയ്തിരുന്നുവെങ്കിലും അവർക്കൊപ്പം ഞാൻ ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. അവരുമായി വീണ്ടും സിനിമ ചെയ്യാൻ ആയതിന്റെ പറഞ്ഞറീക്കാൻ പറ്റാതത്ര സന്തോഷത്തിലാണ് ഇപ്പോൾ.

ജയേട്ടനാണ് ചിത്രത്തിൽ നായകൻ ജയേട്ടന്റെ അനിയന്റെ വേഷത്തിലാണ് ഞാൻ അഭിനയിക്കുന്നത്. കണ്ണൻ എന്നാണ് ചിത്രത്തിൽ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

തെന്നിന്ത്യേയിലെ തന്നെ മികച്ച ഛായാഗ്രാഹകൻമാരിൽ ഒരാളായ ആർ ഡി രാജശേഖറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

രാജേഷ് ഏട്ടനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പാട് ഹിറ്റ് പാട്ടുകൾ മലയാളത്തിന് സമ്മാനിച്ച രതീഷ് ഏട്ടനാണ് (രതീഷ് വേഗയാണ്) ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

വളരെ ഗംഭീരമായൊരു സിനിമയാണ് തൃശ്ശൂർ പൂരം .വിജയ് ബാബു ചേട്ടനാണ് ചിത്രത്തിലേക്ക് എന്നെ വിളിക്കുന്നത്.ചിത്രത്തിലേക്ക് എന്നെ വിളിച്ചതിൽ വളരെയധികം സന്തോഷമുണ്ട് അതിൽ വിജയ് ഏട്ടനോട് ഈ അവസരത്തിൽ നന്ദി പറയുകയാണ്.

സിനിമയുടെ ചിത്രീകരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ് ഈ രണ്ട് സിനിമകളാണ് ഇപ്പോൾ വരാനുള്ളത്. പുതിയ ചിത്രങ്ങൾക്കായുള്ള കഥകൾ കേട്ടു കൊണ്ടിരിക്കുകയാണ് ഇപ്പോൾ എനിക്ക് ഇണങ്ങുന്ന സബ്ജെറ്റുകൾ വന്നാൽ തീർച്ചയായും സ്വീകരിക്കും. അത് പക്ഷേ തൃശ്ശൂർപൂരം കൂടി പുറത്തിറങ്ങിയതിന് ശേഷം മാത്രം.