ദക്ഷിണ കൊറിയയിലെ ബുസാന്‍ ചലച്ചിത്ര മേളയിലേക്ക് ഫിപ്രസി ജൂറി അംഗമായി പ്രമുഖ ചലച്ചിത്ര വിമര്‍ശകനായ പ്രേംചന്ദിനെ തെരഞ്ഞെടുത്തു. ഒക്ടോബര്‍ 3 മുതല്‍ 13 വരെയാണ് ചലച്ചിത്ര മേള. 2001 മുതല്‍ ഫിപ്രസി (ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്സ് ) അംഗമാണ് പ്രേംചന്ദ്.

ബ്രസീലില്‍ നിന്നുള്ള ഐലൈന്‍ ഗൊറീനി, ദക്ഷിണ കൊറിയയില്‍ നിന്നുള്ള സിയോ കോക്സുഖ് എന്നിവരാണ് മറ്റ് ഫിപ്രസി ജൂറി അംഗങ്ങള്‍. ഏഷ്യന്‍ സിനിമയിലെ നവതരംഗ സിനിമകളാണ് ക്രിട്ടിക്സ് ജൂറി വിലയിരുത്തുന്നത്.

മൂന്ന് പതിറ്റാണ്ടു കാലമായി ചലച്ചിത്ര വിമര്‍ശനരംഗത്തും മാധ്യമരംഗത്തും സജീവമാണ് പ്രേംചന്ദ്. സാന്‍ സെബാസ്റ്റ്യന്‍ അന്താരാഷ്ട്ര മേളയടക്കം നിരവധി ചലച്ചിത്രോത്സവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ അന്താരാഷ്ട്ര മേളകളിലെ ജൂറിയിലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയിലും അംഗമായിട്ടുണ്ട്.

നൂറ്റാണ്ടിന്റെ മൗനങ്ങള്‍, കാഴ്ചയുടെ ഭൂപടത്തില്‍ ഓര്‍മകളുടെ വസന്തം, ഐവി ശശി ഓര്‍മ പഠനം, മരിക്കാത്ത നക്ഷത്രങ്ങള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ജോണ്‍’ സിനിമയുടെ സംവിധായകനുമാണ് പ്രേംചന്ദ്.