ചൈനയുടെ പരമോന്നത പുരസ്‌കാരമായ ചൈനീസ് സര്‍ക്കാര്‍ ഫ്രണ്ട്ഷിപ്പ് പുരസ്‌കാരം സ്വന്തമാക്കി കൊടുങ്ങല്ലൂര്‍ സ്വദേശിയും യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ കാര്‍ഷിക പഠന വിഭാഗം മേധാവിയുമായ കദംബോട്ട് സിദ്ദിഖ്.
ചൈനയിലെ കാര്‍ഷികരംഗത്തും വിദ്യാഭ്യാസരംഗത്തും കഴിഞ്ഞ 15 വര്‍ഷമായി പ്രൊഫസര്‍ കദംബോട്ട് സിദ്ദിഖ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ചൈനയുടെ പുരോഗതിയെ സഹായിക്കുന്നതിന് സംഭാവനകള്‍ നല്‍കുന്ന വിദേശ പൗരന്‍മാര്‍ക്ക് നല്‍കുന്ന ചൈനീസ് സര്‍ക്കാര്‍ ഫ്രണ്ട്ഷിപ്പ് പുരസ്‌കാരം അദ്ദേഹത്തിന് നല്‍കിയത്.
ചൈനയുടെ 70ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബെയ്ജിംഗില്‍ നടന്ന ചടങ്ങില്‍ ചൈനീസ് പ്രധാനമന്ത്രി ലീ കെച്യാംഗ്, ഉപപ്രധാനമന്ത്രി ഹാന്‍ ഷെങ്ങ് എന്നിവര്‍ പങ്കെടുത്തിരുന്നു. ഈ ചടങ്ങിലാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്.
ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ, വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ ഓഫ് ദ ഇയര്‍, ഐക്യരാഷ്ട്രസഭയുടെ പള്‍സ് അംബാസഡര്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള അദ്ദേഹം, രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന കൃഷിശാസ്ത്രജ്ഞനാണ്.
ചൈനയിലെ വരണ്ട ഭൂമിയില്‍ എങ്ങനെ കൃഷി മെച്ചപ്പെടുത്താം എന്ന വിഷയത്തില്‍ പ്രൊഫസര്‍ സിദ്ദിഖ് ഗവേഷണം നടത്തിയിരുന്നു. ഈ പഠനം മുന്‍നിര്‍ത്തി മുമ്പും അദ്ദേഹത്തിന് ചൈനീസ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.