വൈദ്യുത മേഖലയിലെ തീരാ തലവേദനയായിരുന്ന കൊച്ചി – ഇടമൺ വൈദ്യുത ലൈൻ പദ്ധതി മൂന്നര വർഷം കൊണ്ട് പൂർത്തിയാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍

കേരളത്തിന്റെ വൈദ്യുത മേഖലയിലെ ഒരു തീരാ തലവേദനയായിരുന്നു കൊച്ചി – ഇടമൺ വൈദ്യുത ലൈൻ . സ്ഥലം ഏറ്റെടുപ്പമായി ബന്ധപ്പെട്ട് നിലച്ച് പോയ ഈ അന്തർ സംസ്ഥാന വൈദ്യുതലൈൻ കടന്ന് പോകുന്നത് കോന്നി നിയോജക മണ്ഡലത്തിലൂടെയാണ്. കഴിഞ്ഞ UDF സർക്കാർ പൂർണമായും അവഗണിച്ച ഈ പദ്ധതി മൂന്നര വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞിരിക്കുകയാണ്.

വൈദ്യുത മേഖലയിലെ കേരളത്തിലെ ദീർഘകാല ആവശ്യങ്ങളിൽ ഒന്നായിരുന്ന കൊച്ചി ഇടമൺ ലൈൻ കടന്നു പോകേണ്ടിയിരുന്നത് കോന്നി അടക്കമുള്ള നിയോജകമണ്ഡലങ്ങളിൽ കൂടിയായിരുന്നു.

2006ലെ എൽഡിഎഫ് സർക്കാർ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചുവെങ്കിലും തുടർന്നുവന്ന യുഡിഎഫ് സർക്കാർ സ്ഥലം ഏറ്റെടുക്കുന്നതിനും ലൈൻ വലിക്കുന്നതിനും വലിയ വിമുഖതയാണ് കാണിച്ചത്.

എന്നാൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സ്ഥലമേറ്റെടുപ്പിനായി സ്പെഷ്യൽ പാക്കേജ് കൊണ്ടുവന്നു. എതിർപ്പുകളെ തരണം ചെയ്യാൻ മുന്നിൽ നിന്നത് മന്ത്രി എം എം മണി തന്നെ .കൂടംകുളത്ത് നിന്ന് അന്തർ സംസ്ഥാന ട്രാൻസ്മിഷൻ ലൈൻ കൊച്ചിയിലെത്തിക്കുന്നതിന് ഭഗീരഥപ്രയത്നമാണ് വേണ്ടി വന്നത് . എം എം മണി പറയുന്നതിങ്ങനെ;

ഉമ്മൻ ചാണ്ടി ഇട്ടേച്ച് പോയതാ ,പിണറായി വരേണ്ടി വന്നു. ഞാൻ മന്ത്രിയായതിന് ശേഷം നിരന്തരം റിവ്യൂ മീറ്റിംഗ് നടത്തി. ഇപ്പോൾ ദാ ഉത്ഘാടനം ചെയ്യാൻ പോകുവാ .UDF ഒക്കെ ചില താൽപര്യങ്ങൾ അല്ലേ ഉള്ളു , അല്ലാതെ നാട്ടിൽ കരണ്ട് വേണമെന്ന് വല്ലതും ഉണ്ടോ . കഴിഞ്ഞ സർക്കാരിലെ വൈദ്യുത മന്ത്രിക്കെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കേണ്ടതാ ,നിർമ്മാണത്തിൽ ഇരുന്ന ചെറുകിട പദ്ധതികൾ എല്ലാം നിർത്തലാക്കി ”

വൈദ്യുത വകുപ്പിനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവിനെതിരെ എം എം മണി രൂക്ഷമായ ഭാഷയിൽ ആണ് പ്രതികരിച്ചത്. പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് പറയുന്ന രമേശ് ചെന്നിത്തല ഡാം ഇല്ലാത്ത അച്ചൻകോവിലിലും, മീനച്ചിലാറ്റിലും വെള്ളം പൊങ്ങിയത് എങ്ങനെയെന്ന് മറുപടി പറയണമെന്നും അദ്ദേഹം കൂട്ടി ചേർത്തു

ഇവിടെ ഒരു പാട് ഡാമുകൾ തുറന്ന് വിടാനില്ല ആകെ 82 ഡാമുകൾ ആണ് ഉള്ളത് അതിൽ 17 എണ്ണത്തിനേ ഷട്ടർ ഉള്ളു എന്ന് പ്രതിപക്ഷ നേതാവ് മനസിലാക്കണം .മീനച്ചിലും അച്ചൻ കോവിലും എങ്ങനെ വെള്ളം പൊങ്ങി , പ്രതിപക്ഷ നേതാവ് അല്ലേ എന്തെങ്കിലും പറയാൻ വേണ്ടി പറയുന്നതാവും ”

കോന്നിയിലെ ഇടത് സ്ഥാനാർത്ഥി കെ യു ജനീഷ് കുമാറിന്റെ വിജയത്തിനായി മണ്ഡലത്തിൽ എത്തിയ എം എം മണി വീടുകളിൽ കയറി വോട്ട് അഭ്യർത്ഥിച്ചു .ഏനാദിമംഗലം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലാണ് മന്ത്രി വോട്ട് അഭ്യർത്ഥിച്ച് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here