ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തിലാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്; ഗാന്ധിജിയുടെ ആദര്‍ശങ്ങളും അത് നേരിടുന്ന വെല്ലുവിളികളും ശക്തമായ സംവാദത്തിന് ഇടംനല്‍കുന്നു: കോടിയേരി ബാലകൃഷ്ണന്‍

മഹാത്മജിയുടെ 150–ാം ജന്മവാർഷിക ഘട്ടത്തിലാണ് സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്.

അതുകൊണ്ടുതന്നെ ഗാന്ധിജിയുടെ ആദർശങ്ങളും അത് നേരിടുന്ന വെല്ലുവിളികളും ശക്തമായ സംവാദത്തിന് ഇടംനൽകുന്നു.

ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പുറമേയ്ക്ക് ചില അവസരങ്ങളിൽ ഗാന്ധിജിയെ ആദരിക്കുന്നതായി ഭാവിക്കുകയും ഉള്ളിൽ സദാ ഗാന്ധിനിന്ദ നടപ്പാക്കുകയും ചെയ്യുന്നു.

150–ാം ജന്മവാർഷികദിനത്തിൽ ഗാന്ധിഅനുസ്മരണ പരിപാടികളിൽ മോഡി ഗുജറാത്തിൽ പങ്കെടുത്തെങ്കിലും മോഡി സർക്കാരും ആർഎസ്എസും മുറുകെപ്പിടിക്കുന്നത് ഗാന്ധിയൻ ചിന്തകളുടെ നിരാകരണമാണ്.

ഗാന്ധിജിയെ നിഷ്കരുണം വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെയെ വാഴ്ത്തുകയും ഗോഡ്സെയ്ക്ക് അമ്പലം പണിയുകയും ചെയ്യുന്നവരാണ് സംഘപരിവാർ. ഗാന്ധിയൻ ചിന്തയും മൂല്യങ്ങളും സംഘപരിവാർ ഹനിക്കുന്നത് അതിശയമല്ല.

എന്നാൽ, 1924 ൽ കോൺഗ്രസിന്റെ പ്രസിഡന്റാകുകയും ദേശീയപ്രസ്ഥാനത്തെ നയിക്കുകയും രാഷ്ട്രപിതാവാകുകയും ചെയ്ത ഗാന്ധിജിയുടെ ആദർശങ്ങളെ കോൺഗ്രസ് പഴന്തുണിപോലെ വലിച്ചെറിയുന്നത് എത്ര ക്രൂരമാണ്.

അതിന്റെ വ്യക്തമായ സമകാലീന ഉദാഹരണമാണ് കോൺഗ്രസിന്റെ ലോക്സഭാ പാർലമെന്ററി പാർടിയുടെ പ്രമുഖ നേതാവായ ശശി തരൂരിന്റെ പരസ്യ നിലപാടുകൾ.

മതനിരപേക്ഷത ഇന്ത്യക്ക് ചേരാത്തതാണെന്നും അയോധ്യയിൽ രാമക്ഷേത്രം നിർമിച്ച് ഹിന്ദു ജനലക്ഷങ്ങളുടെ വികാരം മാനിക്കണമെന്നും തരൂർ നിർദേശിക്കുന്നു. മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊണ്ടതിനാണ് ഗാന്ധിജിയുടെ ജീവൻ എടുത്തത്.

രാജ്യത്തെ ന്യൂനപക്ഷത്തിന്റെ മാനുഷികമായ അവകാശത്തിനുവേണ്ടി ഗാന്ധിജി പോരാടി. അതിനൊപ്പം വിഭജനാനന്തരം രൂപംകൊണ്ട പാകിസ്ഥാനിലെ മുസ്ലിം സഹോദരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വേണ്ടിയും ഹൃദയം തുടിച്ചു. “ലോകമേ തറവാട്’ എന്ന വലിയ സങ്കൽപ്പത്തിന്റെ സൃഷ്ടിയായിരുന്നു ആ ദർശനം.

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ അനുവദിച്ച് ഹിന്ദുവികാരം മാനിക്കണമെന്നും മതനിരപേക്ഷത ഇന്ത്യക്ക് യോജിച്ചതല്ലെന്നുമുള്ള കോൺഗ്രസ് എംപിയുടെ നിലപാടാണോ എഐസിസിക്കുള്ളതെന്ന് സോണിയഗാന്ധിയും രാഹുലും വ്യക്തമാക്കണം.

ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പോരാടിയ കാലത്തും ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഉണർന്ന ദേശീയ മുന്നേറ്റങ്ങളെ ഗാന്ധിജി മാനിച്ചു. എന്നാൽ, ജർമനിയിലും ഇറ്റലിയിലും തലപൊക്കിയ നാസിസത്തെയും ഫാസിസത്തെയും പിന്തുണച്ചില്ല.

മതരാഷ്ട്രമായി ഇസ്രയേൽ രൂപീകരിക്കുന്നതിനെ എതിർത്തു. മതാടിസ്ഥാനത്തിലുള്ള രാഷ്ട്രം എന്ന സങ്കൽപ്പത്തിന് ഗാന്ധിജി എതിരായിരുന്നു. മതനിരപേക്ഷതയിൽ അടിയുറച്ച ഗാന്ധിജിയെ നിരാകരിച്ച് ഹിന്ദുരാഷ്ട്രത്തിനായി അക്രമാസക്തമായി നീങ്ങുന്ന ആർഎസ്എസ്– ബിജെപിക്കും അവരുടെ കേന്ദ്രസർക്കാരിനും ശക്തിപകരുന്നതാണ് തരൂരിന്റെ നിലപാട്.

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ അനുവദിച്ച് ഹിന്ദുവികാരം മാനിക്കണമെന്നും മതനിരപേക്ഷത ഇന്ത്യക്ക് യോജിച്ചതല്ലെന്നുമുള്ള കോൺഗ്രസ് എംപിയുടെ നിലപാടാണോ എഐസിസിക്കുള്ളതെന്ന് സോണിയഗാന്ധിയും രാഹുലും വ്യക്തമാക്കണം.

കശ്മീരിന് പ്രത്യേകപദവി അനുവദിച്ച ഭരണഘടനയിലെ 370–ാം അനുച്ഛേദം അസംബന്ധമാണെന്നും തരൂർ പറഞ്ഞിട്ടുണ്ട്.

തിരുവനന്തപുരത്തെ ലോക്സഭയിൽ പ്രതിനിധീകരിക്കുന്ന ഇദ്ദേഹത്തിന്റെ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളിലൊന്നായ വട്ടിയൂർക്കാവിലും ഉപതെരഞ്ഞെടുപ്പുണ്ട്.

തരൂരിന്റെ ആശയങ്ങളെ രഹസ്യമായി പ്രചരിപ്പിച്ച് ഹിന്ദുത്വ അജൻഡയുടെ വക്താക്കളായി മാറുകയല്ലേ ഇവിടത്തെ കോൺഗ്രസുകാർ.

ഇതിലൂടെ കേരളത്തിൽ ഹിന്ദുത്വ അജൻഡയ്ക്ക് ‘ബിജെപി വേണ്ട, കോൺഗ്രസ് മതി’ എന്ന് ഇക്കൂട്ടർ സ്ഥാപിക്കുകയല്ലേ. ഇതിലൂടെയെല്ലാം ബിജെപി–യുഡിഎഫ് രഹസ്യബാന്ധവം ഉറപ്പിച്ച് വോട്ട് കച്ചവടത്തിന് വഴി വിപുലമാക്കുകയാണ് കോൺഗ്രസ്.

എല്ലാ ജാതി മതസ്ഥരുടെയും ക്ഷേമത്തിനുവേണ്ടിയാണ് ഗാന്ധിജി ചിന്തിച്ചത്. എന്നാൽ, സവർണ ഹിന്ദുമേധാവിത്വത്തിൽ അധിഷ്ഠിതമായ ഹിന്ദുരാഷ്ട്രം എന്നതാണ് ആർഎസ്എസ് ലക്ഷ്യം.

അതിനെ പിന്തുണയ്ക്കുന്ന തരൂരിനെ ഇപ്പോഴും ഉൾക്കൊള്ളുന്ന കോൺഗ്രസും ആ കോൺഗ്രസ് നയിക്കുന്ന യുഡിഎഫും നേരിടുന്ന മൂല്യത്തകർച്ച ഗാന്ധിജിയുടെ 150–ാം ജന്മവാർഷിക സ്മൃതിവേളയിൽ വിചാരണ ചെയ്യപ്പെടുന്നതാകും ഉപതെരഞ്ഞെടുപ്പുകൾ.

കശ്മീർ സംഭവവികാസങ്ങളുടെയും 19 ലക്ഷത്തിലധികം പൗരന്മാരെ പുറന്തള്ളിയ അസം പൗരത്വ രജിസ്റ്ററിന്റെയും പശ്ചാത്തലത്തിൽ ഇതിന്റെ ഗൗരവം വർധിക്കുന്നു. ഗാന്ധിജിയുടെ എഴുത്തും പ്രസംഗവും വിപുലമാണ്. അതിലൊന്നും തരൂരിന്റെ വാദങ്ങളെ ന്യായീകരിക്കുന്നില്ല.

ആർഎസ്എസിനെയും മോഡിയെയും പിന്തുണച്ച, തരൂരിനെ വിമർശിച്ച് കോൺഗ്രസിലെ ഒരു നേതാവ് അഭിപ്രായം പറഞ്ഞപ്പോൾ ബർണാഡ് ഷായുടെ വാക്കുകളെ കടമെടുത്താണ് മറുപടി നൽകിയത്.

പന്നികളുമായി ഗുസ്തിപിടിച്ചാൽ ശരീരത്തിൽ ചെളിപറ്റുമെന്നാണ് പറഞ്ഞത്. അതിന് കോൺഗ്രസിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

യഥാർഥത്തിൽ ആർഎസ്എസിന്റെ ചെളിയിൽ മുങ്ങിനിൽക്കുന്ന കക്ഷിയായി കോൺഗ്രസ് അധഃപതിച്ചു. അതുകൊണ്ടാണ് കോൺഗ്രസിന്റെ ജനപ്രതിനിധികൾ എപ്പോൾവേണമെങ്കിലും ബിജെപി ആകുന്നതും കോൺഗ്രസിന്റെ സംസ്ഥാന ഭരണങ്ങൾ ബിജെപി മന്ത്രിസഭയ്ക്ക് വഴിമാറുന്നതും.

ഗാന്ധിജിയുടെ വീട്ടിൽനിന്ന് ഗോഡ്സെയുടെ ഭവനത്തിലേക്ക് താമസംമാറ്റാൻ ബുദ്ധിമുട്ടില്ലാത്ത നേതാക്കളുടെ പാർടിയായി കോൺഗ്രസ് തരംതാണിരിക്കുന്നു.

എന്നാൽ, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ നിഗൂഢമായും തീവ്രമായും പായുന്ന മോഡി സർക്കാരിനും ആർഎസ്എസിനും എതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്നത് കമ്യൂണിസ്റ്റുകാരും അവരുടെ നേതൃത്വത്തിലുള്ള എൽഡിഎഫുമാണ്.

അതിന് കരുത്തുപകരുന്ന ദേശീയ ഭരണമാതൃകയാണ് പിണറായി വിജയൻ നയിക്കുന്ന സർക്കാർ. ഏറ്റവും ദരിദ്രനായ മനുഷ്യന്റെ മുഖം ഓർമിച്ച് നിങ്ങളുടെ പ്രവർത്തനം നടത്തുക എന്നതായിരുന്നു ഗാന്ധിജിയുടെ മതം. അത് നടപ്പാക്കുന്ന ഇന്ത്യയിലെ ഏക ഭരണമാണ് കേരളത്തിലേത്.

54 ലക്ഷം പേർക്ക് വർധിച്ചതോതിൽ സാമൂഹ്യ പെൻഷനുകൾ മുടങ്ങാതെ നൽകുന്നു എന്നത് ചെറിയ കാര്യമല്ല. സാധാരണക്കാരുടെ മക്കൾ ആശ്രയിക്കുന്ന സർക്കാർ പള്ളിക്കൂടങ്ങളും പാവപ്പെട്ടവരും ഇടത്തരക്കാരും മുഖ്യമായി ചികിത്സ തേടുന്ന സർക്കാർ ആശുപത്രികളും ആധുനീകരിക്കുകയും ജനസൗഹൃദമാക്കുകും ചെയ്തു.

ദേശീയപാത വികസനം, ഗെയിൽ പൈപ്പ്ലൈൻ എന്നിവ ഉൾപ്പെടെ നാടിന്റെ വികസനത്തിന് വലിയ ചുവടുവയ്പ് നടത്തി. മതനിരപേക്ഷതയെ വളർത്തുന്ന ഭരണവുമാണ്.

യുഡിഎഫിന്റെ ഉരുക്കുകോട്ടയെന്ന വിശേഷണമുള്ള ഈ മണ്ഡലത്തിൽ 33,472 വോട്ടിന്റെ മുൻകൈയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.

അതിനെ മറികടന്നാണ് 2943 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ വിജയിച്ചത്

എൽഡിഎഫ് സർക്കാരിനോടുള്ള കേരള ജനതയുടെ മമതയുടെയും എൽഡിഎഫ് രാഷ്ട്രീയത്തോടുള്ള അനുഭാവത്തിന്റെ വിളംബരവുമാണ് പാലായിലെ മിന്നുന്ന വിജയം.

യുഡിഎഫിന്റെ ഉരുക്കുകോട്ടയെന്ന വിശേഷണമുള്ള ഈ മണ്ഡലത്തിൽ 33,472 വോട്ടിന്റെ മുൻകൈയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്. അതിനെ മറികടന്നാണ് 2943 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ വിജയിച്ചത്.

ഈ വിജയത്തിന്റെ രാഷ്ട്രീയത്തെ ചോർത്തിക്കളയാൻ കേരള കോൺഗ്രസ് എമ്മിലെ പി ജെ ജോസഫ്– ജോസ് കെ മാണി സൗന്ദര്യപ്പിണക്കം എന്ന ഒറ്റ കുറ്റിയിൽ പരാജയത്തെ കൊണ്ടുകെട്ടാൻ യുഡിഎഫും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട്.

പക്ഷേ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തേക്കാൾ തമ്മിലടി ജോസഫും‐ജോസും തമ്മിൽ ഉണ്ടായിരുന്നല്ലോ. സ്ഥാനാർഥിയാകാൻ ജോസഫ് തന്നെ സന്നദ്ധനായി പരസ്യമായി രംഗത്തുവന്നല്ലോ.

അതെല്ലാം മറന്നിട്ടാണ് ഇപ്പോൾ കേരള കോൺഗ്രസ് എമ്മിലെ ആഭ്യന്തരകലഹമാണ് പാലായിലെ എൽഡിഎഫ് വിജയത്തിന് കാരണമെന്ന് വരുത്തി, എൽഡിഎഫ് ഭരണ–രാഷ്ട്രീയ നേട്ടത്തെ മറച്ചുവയ്ക്കാൻ ചില കേന്ദ്രങ്ങൾ ഉത്സാഹിക്കുന്നത്.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം എൽഡിഎഫിന് നല്ല മുന്നേറ്റം ഉണ്ടായിട്ടുണ്ട്. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലാകട്ടെ വലിയതോതിലുള്ള ജനകീയ അംഗീകാരം ലഭിക്കുന്നു. ചെങ്ങന്നൂരിൽ വൻ വിജയമാണ് കിട്ടിയത്.

വേങ്ങരയിൽ മുസ്ലിം ലീഗ് ജയിച്ചെങ്കിലും എൽഡിഎഫിന്റെ വോട്ട് കൂടി. സംസ്ഥാനത്ത് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ 80 ശതമാനത്തിലധികം സ്ഥലങ്ങളിലും വിജയിച്ചത് എസ്എഫ്ഐയും പുരോഗമന ചേരിയുമാണ്.

ജെഎൻയു, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി തുടങ്ങിയ ഇടങ്ങളിലും പുരോഗമന വിദ്യാർഥിപ്രസ്ഥാനം വിജയക്കൊടി നാട്ടി. ഇതിന്റെയെല്ലാം പ്രതിഫലനമാകും സംസ്ഥാനത്തെ അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പ്.

എൽഡിഎഫ് വിജയത്തിന് തടയിടാനും ബിജെപിയുമായുള്ള യുഡിഎഫിന്റെ വോട്ടുകച്ചവടത്തിന് മുഖംമൂടി അണിയാനും വേണ്ടിയാണ് വട്ടിയൂർക്കാവിലും കോന്നിയിലും എൽഡിഎഫ്‐ ബിജെപി രഹസ്യബന്ധം എന്ന കോൺഗ്രസ് നേതാക്കളുടെ കല്ലുവച്ച നുണ.

ബിജെപി–ആർഎസ്എസ് ശക്തികളുമായി കേരളത്തിൽ പല ഘട്ടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും വോട്ടുകച്ചവടം നടത്തിയവരാണ് കോൺഗ്രസും മുസ്ലിംലീഗും ഉൾപ്പെടെയുള്ള യുഡിഎഫ് കക്ഷികൾ.

ആ ജീർണ രാഷ്ട്രീയത്തിന്റെ സന്തതികൾ, സിപിഐ എമ്മിനും എൽഡിഎഫിനുമെതിരെ നുണ പ്രചരിപ്പിക്കുന്നത്, ബിജെപിയുമായി നടത്താൻപോകുന്ന വോട്ടുകച്ചവടത്തിന് മറയിടാനാണ്. ഇത് ജനങ്ങൾ തിരിച്ചറിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News