കുതിക്കുന്നു കേരളത്തിന്റെ വൈദ്യുത മേഖല; ഇടമണ്‍കൊച്ചി പവര്‍ഹൈവേക്ക് പിന്നാലെ മറ്റൊരു സ്വപ്‌ന പദ്ധതി കൂടി യാഥാര്‍ഥ്യത്തിലേക്ക്‌

തിരുവനന്തപുരം: ഇടമൺ–കൊച്ചി പവർഹൈവേയുടെ പിന്നാലെ സംസ്ഥാനത്തിന്റെ ഒരു സ്വപ്‌നംകൂടി യാഥാർഥ്യത്തിലേക്ക്‌.

ഛത്തീസ്‌ഗഢിൽനിന്ന്‌ കേരളത്തിലേക്ക്‌ 2000 മെഗാവാട്ട്‌ വൈദ്യുതി എത്തിക്കുന്ന റായ്‌ഗഡ്‌–മാടക്കത്തറ 800 കെവി ഹൈവോൾട്ടേജ്‌ ഡയറക്ട്‌ കറന്റ്‌ (എച്ച്‌വിഡിസി) പദ്ധതി അന്തിമഘട്ടത്തിലേക്ക്‌. രാജ്യത്താദ്യമാണ്‌ ഇത്രയും ഉയർന്ന ശേഷിയുള്ള പദ്ധതി. അടുത്ത വർഷം പൂർത്തിയാകും.

6000 മെഗാവാട്ട്‌ പ്രസരണശേഷിയുള്ളതാണ്‌ പുതിയ ലൈൻ. തമിഴ്‌നാടിന്‌ 4000ഉം കേരളത്തിന്‌ 2000 മെഗാവാട്ടും ലഭിക്കും.

തമിഴ്‌നാട്ടിലെ പുഗലൂർ വഴി മാടക്കത്തറയിൽ എത്തുന്ന വൈദ്യുതി കേരളത്തിലെ 14 ജില്ലയ്‌ക്കും ഒരുപോലെ ഗുണം ചെയ്യും.

തെക്കൻ ജില്ലകളിലേക്ക്‌ വൈദ്യുതി എത്തിക്കാൻ മാടക്കത്തറ–കളമശേരി 400 കെവി ലൈനും പുതുതായി ആരംഭിച്ച കൊച്ചി–-ഇടമൺ ലൈനും പര്യാപ്‌തമാണ്‌.

വടക്കൻ ജില്ലകളിലേക്ക്‌ വൈദ്യുതി എത്തിക്കാൻ മാടക്കത്തറമുതൽ അരീക്കോട്‌ വരെയുള്ള നിലവിലെ 220 കെവി പ്രസരണലൈൻ 400 കെവി മൾടി വോൾട്ടേജ്‌ സർക്യൂട്ട്‌ ലൈനാക്കും.

ഇതിന്‌ തയ്യാറാക്കിയ പവർ ഡിസൈൻ കേന്ദ്രസർക്കാർ അംഗീകരിച്ചു. മലാപറമ്പ്‌ വരെയുള്ള ഒന്നാംഘട്ടം പൂർത്തിയായി.

അരീക്കോട്‌ വരെയുള്ള രണ്ടാംഘട്ടം പുരോഗമിക്കുന്നു. തൃശൂരിൽ ഹൈവോൾട്ടേജ്‌ സബ്‌സ്‌റ്റേഷൻ നിർമാണവും ത്വരിതഗതിയിലാണ്‌.

പവർഗ്രിഡ്‌ കോർപറേഷനാണ്‌ നിർമാണച്ചുമതല. സ്ഥലം ലഭ്യമാക്കലാണ്‌ കെഎസ്‌ഇബിയുടെ കർത്തവ്യം. പദ്ധതി യാഥാർഥ്യമാകുന്നതോടെ വൈദ്യുതി ക്ഷാമമില്ലാത്ത സംസ്ഥാനമാകും കേരളം.

ഇറക്കുമതി ആവശ്യം പൂർണമായി നിറവേറ്റുന്നതോടൊപ്പം ഇറക്കുമതിശേഷിയും വർധിക്കും. ഭാവിയിൽ വർധിക്കുന്ന വൈദ്യുതി ആവശ്യം നിർവഹിക്കാനാകുന്നതോടൊപ്പം പ്രസരണനഷ്ടം ഗണ്യമായി കുറയും.

ആവശ്യത്തിനനുസരിച്ച്‌ വൈദ്യുതിപ്രവാഹം നിയന്ത്രിക്കാനാകും എന്നതാണ്‌ സവിശേഷതകളിൽ ഒന്ന്‌. 14000 കോടി രൂപയുടേതാണ്‌ പദ്ധതി.

800 മെഗാവാട്ട് അധികവൈദ്യുതി കേരളത്തിലെത്തിക്കാന്‍ കഴിയുന്ന ഇടമൺ–-കൊച്ചി ലൈൻ കഴിഞ്ഞ ദിവസമാണ്‌ ചാർജ്‌ ചെയ്‌തത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News