ട്രാൻസ്‌പോർട്ട് സമരത്തിൽ നിശ്ചലമായി ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം

മുംബൈയിലെ ഏകദേശം അര ലക്ഷത്തോളം വരുന്ന കണ്ടെയ്നർ ട്രയ്ലർ മേഖലയാണ് അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

കയറ്റുമതിയിൽ റെക്കോർഡ് വളർച്ചയെന്നു കൊട്ടിഘോഷിക്കുന്ന കേന്ദ്ര സർക്കാരിന് കയറ്റുമതിക്കാരുടെ പ്രശ്നങ്ങളിലേക്കു തിരിഞ്ഞു നോക്കാനുള്ള സാമാന്യ മര്യാദ പോലും ഇല്ലെന്നാണ് മുംബൈയിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പരാതിപ്പെടുന്നത്.

മോട്ടോർ നിയമങ്ങൾ പുതുക്കിയതിനു ശേഷം യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഇ-ചലാനുകളിലൂടെ പിഴ ചുമത്തി കൊണ്ടിരിക്കുന്നത്.

ഈ രംഗത്തെ ഡ്രൈവർമാർക്ക് മാനുഷിക പരിഗണനകൾ പോലും പോലീസിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. പലപ്പോഴും ശാരീരിക പീഡനങ്ങൾ പോലും ഇവർക്കെല്ലാം ഏറ്റു വാങ്ങേണ്ടി വരാറുണ്ട്.

റോഡുകളുടെ കാര്യങ്ങളിൽ കേരളത്തെ പഴിചാരുന്ന കേന്ദ്ര സർക്കാരിന് ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയുടെ കാര്യത്തിൽ എന്ത് ന്യായീകരണമാണ് പറയാനുള്ളതെന്നാണ് ജനങ്ങളുടെ ചോദ്യം. റോഡുകളുടെ ശോചനീയാവസ്ഥാ മൂലം ദിനം പ്രതി നിരവധി ജീവനുകളാണ് മുംബൈയിൽ പൊലിയുന്നത്.

അഖില മഹാരാഷ്ട്ര രാജ്യ മോട്ടോർ മാലിക് സംഘ്, ജെഎൻപിടി വക്തുദാർ ബചാവ് സമന്വയ് സമിതി തുടങ്ങിയ ട്രാൻസ്‌പോർട്ടർമാരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ 12 ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ കീഴിലുള്ള ഏകദേശം 17000 വാഹനങ്ങൾ സമരത്തെ പിന്തുണക്കുമെന്ന് സമിതി പ്രസിഡന്റ് ഭരത് പൊക്കാർക്കാർ അറിയിച്ചു.

ജെ എൻ പി ടി മേഖലയിലുള്ള റോഡുകളുടെ സ്ഥിതി വളരെ ദയനീയമാണെന്നും വാഹനങ്ങൾക്ക് കേടുപാടുകൾ മാത്രമല്ല അപകട സാധ്യതകളും കൂടുതലായിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന് വിദേശം നാണ്യം നേടിക്കൊടുക്കുന്ന ഏറ്റവും വലിയ തുറമുഖമായ ജെഎൻപിടിയിൽ ഒരു സാമാന്യ പാർക്കിംഗ് സംവിധാനമോ പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയിലുള്ള ഒരു ശൗചാലയമോ ഇല്ലെന്ന അവസ്ഥ പരിതാപകരമാണെന്നും കണ്ടെയ്നർ ഡ്രൈവേഴ്‌സും മനുഷ്യരല്ലേ എന്നുമാണ് ലോജിസ്റ്റിക് രംഗത്ത് പ്രവർത്തിക്കുന്നവരും ഉന്നയിക്കുന്ന ചോദ്യങ്ങൾ.

ട്രാൻസ്‌പോർട് സമരം മൂലം ദിവസേന 100 കോടിയിലേറെ നഷ്ടമാണ് രാജ്യത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തെ നൂറിൽ അറുപതു ശതമാനം കയറ്റുമതിയും ജെ എൻപിടി തുറമുഖം വഴിയാണ് പോകുന്നത്

മുംബൈയെന്ന സാമ്പത്തിക തലസ്ഥാനത്തെ തകർക്കുക എന്ന രഹസ്യ അജണ്ടയാണ് ഇതിനെല്ലാം പുറകിലെന്ന് കരുതുന്നവരും ഈ മേഖലയിലുണ്ട്.

മുംബൈ വഴി പോകുന്ന കയറ്റുമതികൾ അയൽ സംസ്ഥാനമായ ഗുജറാത്ത് വഴി തിരിച്ചു വിടുവാനുള്ള ഗൂഢ തന്ത്രവും ആരോപിക്കപ്പെടുന്നു.

അദാനിയെ പോലെയുള്ളവരുടെ കീഴിലുള്ള സ്വകാര്യ തുറമുഖങ്ങളുടെ കുത്തകയാക്കി മാറ്റുക എന്ന കേന്ദ്ര സർക്കാരിന്റെ അടവു നയവും ഇതിനു പിന്നിൽ ഉണ്ടെന്നാണ് പലരും സംശയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News