മാന്ദ്യത്തിൽ വലഞ്ഞ്‌ മധ്യപ്രദേശ്‌; വ്യവസായശാലകൾക്ക്‌ താഴുവീണു

ന്യൂഡൽഹി: സാമ്പത്തികമാന്ദ്യത്തിൽ കുരുങ്ങി മധ്യപ്രദേശിൽ നൂറുകണക്കിന്‌ ഇടത്തരം വ്യവസായ കമ്പനികൾ അടച്ചിടുന്നു.

പിതാംപുർ, മണ്ഡിദീപ്‌, മലാൻപുർ വ്യാവസായിക മേഖലകളിൽ നിരവധി കമ്പനികളിലെ തൊഴിലാളികൾക്ക്‌ നാലു മാസമായി ശമ്പളം ലഭിക്കുന്നില്ല.

പതിനയ്യായിരത്തിലധികം പേർക്ക്‌ ജോലി നഷ്ടമായി. ഇതിൽ കൂടുതലും കരാർ തൊഴിലാളികളാണെന്നും അനുബന്ധമേഖലകളിലും നൂറുകണക്കിനുപേർക്ക്‌ ജോലി നഷ്ടപ്പെട്ടെന്നും തൊഴിലാളി സംഘടനകൾ പറഞ്ഞു.

വാഹനമേഖലയ്‌ക്കുപുറമേ ഔഷധം, ഇലക്‌ട്രോണിക്‌സ്‌, സിമന്റ്‌, ഗതാഗതം, വസ്‌ത്രം, താപോർജം തുടങ്ങി എല്ലാ മേഖലയും തകർച്ചയിലാണ്‌. നോട്ടു നിരോധനവും ചരക്കുസേവന നികുതിയുമാണ്‌ വ്യവസായമേഖലയെ അപകടത്തിലാക്കിയതെന്ന്‌ ഉടമകളും തൊഴിലാളികളും പറഞ്ഞു.

സംസ്ഥാന വ്യാവസായിക വികസന കോർപറേഷന്റെ കണക്കുപ്രകാരം 304 കമ്പനിയാണ്‌ മലാൻപുർ വ്യാവസായികമേഖലയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌.

ഇവയിൽ പകുതിയും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. മലാൻപുർ മേഖലയിലെ ജമ്ന വാഹന നിർമാണക്കമ്പനികളിൽ ഉൽപ്പാദനം 80 ശതമാനം ഇടിഞ്ഞു. ജെകെ ടയേഴ്‌സ്‌ ട്രക്കുകളുടെ ടയർ നിർമിക്കുന്ന ഫാക്ടറി അടച്ചിട്ടു.

ചെറുവാഹനങ്ങളുടെ ടയറുകളുടെ ഉൽപ്പാദനം ചുരുക്കി. 850 ചെറുകിട വൻകിട കമ്പനികളുള്ള പ്രത്യേക വ്യാവസായിക മേഖലയാണ്‌ പീതാംപുര.

ഇവിടെ വാഹന നിർമാണക്കമ്പനികൾക്ക്‌ 30–35 ശതമാനം ഇടിവാണ്‌ ഉണ്ടായത്‌. തലസ്ഥാനത്തുനിന്ന്‌ 20 കിലോമീറ്റർ അകലെയുള്ള മണ്ഡിദീപ്‌ പ്രത്യേക വ്യാവസായികമേഖലയിൽ ഏതാനും മാസങ്ങൾക്കിടെ 6000 പേർക്ക്‌ ജോലി നഷ്ടപ്പെട്ടു. സ്‌റ്റീൽ, ഇലക്‌ട്രോണിക്‌ ഉൽപ്പന്ന കമ്പനികൾ പ്രവർത്തിക്കുന്ന മേഖലയാണിത്‌.

ഇത്ര രൂക്ഷമായ സാമ്പത്തികമാന്ദ്യം ഇതുവരെ അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലെന്ന്‌ പീതാംപുർ വ്യാവസായിക ഏരിയ അസോസിയേഷൻ പ്രസിഡന്റ്‌ ഗൗതം കോത്താരി പറഞ്ഞു.

പല കമ്പനിക്കും 40 ശതമാനം ഇടിവാണ്‌ ഉണ്ടായത്‌. കരാർ തൊഴിലാളികളെ പിരിച്ചുവിടാനും സ്ഥിരം തൊഴിലാളികളുടെ ശമ്പളത്തിൽ 10–15 ശതമാനംവരെ വെട്ടിച്ചുരുക്കാനും കമ്പനികൾ നിർബന്ധിതരായെന്നും കോത്താരി പറഞ്ഞു.

ഭെല്ലിന്റെ ലാഭകരമായ ഭോപാൽ യൂണിറ്റും പ്രതിസന്ധി നേരിടുകയാണെന്ന്‌ ഭെൽ പിആർഒ രാഘവേന്ദ്ര ശുക്ല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News