ഗോഡ്‌സെയെ ദൈവമാക്കുന്നവർ ഇറങ്ങിനടക്കുന്നു, അനീതി ചൂണ്ടിക്കാട്ടുന്നവരെ തുറുങ്കിലടയ്‌ക്കുന്നു: അടൂർ ഗോപാലകൃഷ്‌ണൻ

തിരുവനന്തപുരം: രാജ്യത്ത്‌ ആശങ്കാജനകമായ അവസ്ഥയാണ്‌ നിലവിലുള്ളതെന്നും അനീതി ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ കേസെടുത്തത്‌ ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും പ്രശസ്‌ത സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ പറഞ്ഞു.

ഏതെങ്കിലും വ്യക്തികൾക്കെതിരായുള്ള അഭിപ്രായപ്രകടനമല്ലത്‌. രാജ്യത്ത്‌ ഒരു അനീതി നടക്കുന്നുവെന്ന്‌ മനസിലാക്കുമ്പോൾ അത്‌ ഗവൺമെന്റിന്റെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്താനാണ്‌ കത്തെഴുതിയത്‌. ധിക്കാരപൂർവം എഴുതിയതല്ല. പ്രശ്‌നത്തിന്‌ പരിഹാരമുണ്ടാകണം എന്ന ആഗ്രഹത്താലാണ്‌ കത്തെഴുതിയത്‌.

കത്തെഴുതിയ 49പേരിൽ ഒരാൾപോലും രാഷ്‌ട്രീയക്കാരല്ല. മാധ്യമപ്രവർത്തകരടക്കമുള്ള സാംസ്‌കാരിക പ്രവർത്തകരാണ്‌ എഴുത്തെഴുതിയത്‌.

രാജ്യത്ത്‌ ഇപ്പോഴും ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന വിശ്വാസത്തിലാണ്‌ കത്തെഴുതിയതെന്നും അടൂർ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ സാധാരണഗതിയിൽ ഒരു ഭരണകൂടം ചെയ്യേണ്ടത്‌ പ്രശ്‌നത്തിന്‌ എത്രയും വേഗം പരിഹാരം കാണലാണ്‌.

അതിനുപകരം കോടതിയിൽ കേസിന്‌ പോകുന്നതിൽ അത്‌ഭുതമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ പ്രതീകാത്മക രൂപത്തിന്‌ നേരെ നിറയൊഴിക്കുകയും എല്ലാവർഷവും ഇത്‌ ആവർത്തിക്കുമെന്ന്‌ പറയുകയും ചെയ്യുന്ന സംഘങ്ങൾ രാജ്യദ്രോഹികളാകുന്നില്ല. എന്നുമാത്രമല്ല അവരൊക്കെ ഇപ്പോൾ എംപിമാരുമാണ്‌.

ഗോഡ്‌സെയെ ദൈവമായി പ്രഖ്യാപിച്ച സ്ത്രീയും എംപിയാണ്‌. വെറും എംപിയല്ല, ലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയ എംപി. അവരും രാജ്യദ്രോഹിയല്ല.

അവരെ ആരും ജയിലിലടക്കുന്നില്ല. ഈ രാജ്യത്ത്‌ എന്താണ്‌ നടക്കുന്നതെന്ന്‌ മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News