പട്ടിയെ അഴിച്ചു വിട്ട് ബാറിൽ ആക്രമണം; അറസ്റ്റ് ചെയ്ത് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു

തൃശ്ശൂർ പഴയന്നൂരില്‍ നായ്ക്കളുമായെത്തി ബാര്‍ ആക്രമിച്ച കേസിൽ പിടിയിലായ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു.പഴയന്നൂർ വെള്ളാപ്പാറയിലെ ഇവരുടെ താമസ സ്ഥലത്തുനിന്നും അക്രമം നടത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു.

തൃശ്ശൂർ പഴയന്നൂരിൽ ബാറിൽ നായ്ക്കളുമായെത്തി ആക്രമണം നടത്തിയ കേസിൽ അറസ്റ്റിലായ തൃശൂർ പൂങ്കുന്നം സ്വദേശി വൈശാഖിനെയും അഞ്ചേരി സ്വദേശി വൈശാഖിനെയുമാണ് പോലീസ് തെളിവെടുപ്പിനെത്തിച്ചത്.

ഇവർ താമസിച്ചിരുന്ന വെള്ളപ്പാറയിലെ വീട്ടിൽ നിന്നും ആക്രമണം നടത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. കൃത്യത്തിൽ ഉപയോഗിച്ച നാല് ജർമ്മൻ ഷെപ്പേഡ് നായ്ക്കളിൽ ഒന്ന്‌ മരണപ്പെട്ടിരുന്നു.സിഐ എം. മഹേന്ദ്രസിംഹയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

കഴിഞ്ഞ സെപ്റ്റംബർ 20ന് രാത്രിയിലാണു നായ്ക്കളുമായെത്തിയ 2 യുവാക്കൾ വടിവാൾ വീശി ഹോട്ടൽ അടിച്ചു തകർത്തത്. നായ്ക്കളെ പരിശീലിപ്പിക്കാനായി വെള്ളപ്പാറയിലെ വാടകവീട്ടിൽ താമസിച്ചിരുന്ന യുവാക്കൾ ബാറിലെത്തി മദ്യപിച്ചു ബിൽ അടയ്ക്കാഞ്ഞതിനു ബാർ ജീവനക്കാർ മൊബൈൽ ഫോൺ വാങ്ങി വച്ചതിനെത്തുടർന്നു വാക്കേറ്റവും കയ്യേറ്റവും നടന്നു.

ഇതിന്റെ പ്രതികാരമായിരുന്നു രാത്രിയിലെ അക്രമം. നായ്ക്കളെ അഴിച്ചുവിട്ടു ഭീകരാന്തരീക്ഷം സൃഷ്ടിച്ചവർ ജീവനക്കാരെ ആക്രമിക്കുകയും വസ്തുവകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഹോട്ടലിന് ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.ഹോട്ടലിലെ ആക്രമണത്തിനു ശേഷം റോഡിലേക്കിറങ്ങിയ യുവാക്കൾ വടിവാൾ വീശി ഭീഷണി മുഴക്കിയ ശേഷമാണു പിൻവാങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here