മരടിലെ ഫ്‌ലാറ്റുകളില്‍ നിന്ന് ഭൂരിഭാഗം താമസക്കാരും ഒഴിഞ്ഞു. ഉടമസ്ഥരുടെ വിവരം ലഭ്യമല്ലാത്ത 50 ഫ്‌ലാറ്റുകള്‍ റവന്യൂവകുപ്പ് നേരിട്ട് ഒഴിപ്പിക്കും. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഇന്നലെ നാല് ഫ്‌ലാറ്റുകളിലും സര്‍വേ നടത്തി. അതേസമയം ഫ്‌ളാറ്റ് പൊളിക്കുമ്പോഴുണ്ടാകുന്ന ആശങ്കകള്‍ സമീപവാസികളുമായി സ്ഥലം എംഎല്‍എ എം സ്വരാജ് ചര്‍ച്ച ചെയ്യും.
മരടിലെ ഫ്‌ലാറ്റുകളില്‍ നിന്ന് ഭൂരിഭാഗം കുടുംബങ്ങളും സാധനസാമഗ്രികള്‍ മാറ്റിക്കഴിഞ്ഞു. ശേഷിക്കുന്നവര്‍ ഇന്ന് വൈകുന്നേരത്തോടെ സാധനങ്ങള്‍ പൂര്‍ണമായും മാറ്റാനുള്ള ശ്രമത്തിലാണ്. ഇന്നലെ രാത്രി വൈകിയും സാധനങ്ങള്‍ മാറ്റുന്നത് തുടര്‍ന്നു. നാല് ഫ്‌ലാറ്റ് സമുച്ചയങ്ങളിലായി 50 അപ്പാര്‍ട്ട്‌മെന്റുകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ഇവ വിറ്റ് പോയതാണെങ്കിലും ഉടമസ്ഥര്‍ നഗരസഭയില്‍ നിന്ന് കൈവശാവകാശ രേഖ കൈപ്പറ്റിയിട്ടില്ല. ഉടമകള്‍ സമീപിച്ചിലെങ്കില്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്ന് രേഖകള്‍ പരിശോധിച്ചതിന് ശേഷം റവന്യൂ വകുപ്പ് ഇവ നേരിട്ട് ഒഴിപ്പിക്കും. നിലവില്‍ ഫ്‌ലാറ്റുകളില്‍ താമസക്കാരായി ആരുമില്ല.
വീട്ടുപകരണങ്ങള്‍ മാറ്റുന്ന നടപടികള്‍ മാത്രമാണ് പുരോഗമിക്കുന്നത്. ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന ആശങ്കകള്‍ സംബന്ധിച്ച് സമീപവാസികള്‍ നഗരസഭയെ അറിയിച്ചിരുന്നു. ആശങ്കകള്‍ ദുരീകരിക്കാനും ചര്‍ച്ച ചെയ്യാനുമായി സ്ഥലം എംഎല്‍എ എം സ്വരാജ് സമീപവാസികളുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ സമീപവാസികളുടെ ആശങ്കകള്‍ കേള്‍ക്കുകയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യും. അതേസമയം ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെയുള്ള കേസന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ഫ്‌ലാറ്റുകളില്‍ സര്‍വേ നടത്തി. സര്‍വേ വകുപ്പിന്റെ സഹായത്തോടെയായിരുന്നു പരിശോധന.
Get real time update about this post categories directly on your device, subscribe now.