കണ്ടെയ്‌നറിന്റെ ആക്‌സിലൊടിഞ്ഞു; കുതിരാനിൽ 10 മണിക്കൂർ ഗതാഗതം സ്‌തംഭിച്ചു

കണ്ടെയ്‌നർ ലോറിയുടെ ആക്‌സിൽ ഒടിഞ്ഞും ബസ്‌ തകരാറിലായും കുതിരാനിൽ പത്ത്‌ മണിക്കൂറോളം ഗതാഗതം സ്‌തംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലുമുതൽ പകൽ രണ്ടുവരെയാണ്‌ വാഹനക്കുരുക്കുണ്ടായത്‌. മണിക്കൂറുകൾ കഴിഞ്ഞാണ്‌ വാഹനങ്ങൾ കുതിരാൻ കടന്നത്‌. വെള്ളിയാഴ്ച പുലർച്ചെ നാലോടെയാണ്‌ കുതിരാന്‌ സമീപം കുഴികളിൽ ചാടി കണ്ടെയ്‌നറിന്റെ ആക്‌സിൽ ഒടിഞ്ഞത്‌.

ഇതോടെ തൃശൂരിൽനിന്നും പാലക്കാട്‌നിന്നും വന്നിരുന്ന വാഹനങ്ങൾ കുരുക്കിലായി. ഇരുവശത്തുനിന്നുമുള്ള കാറും ബൈക്കും ഉൾപ്പെടെയുള്ള വാഹനങ്ങൾ കുത്തിത്തിരുകി കടക്കാൻ ശ്രമിച്ചതോടെ ഗതാഗതം പാടെ സ്തംഭിച്ചു. പൊലീസെത്തി നിയന്ത്രിച്ചു. എന്നാൽ വൻകണ്ടെയ്‌നർ റോഡിന്റെ വശത്തേക്ക്‌ മാറ്റിയിടാൻ പറ്റിയില്ല. രാവിലെ ഇരുമ്പുപാലത്തിന്‌ സമീപം കുഴികളിൽ പെട്ട് സ്വകാര്യബസ്‌ തകരാറിലായതോടെ വാഹനങ്ങൾക്ക്‌ പോകാനാവാത്ത നിലയായി.

നാട്ടുകാരും യാത്രക്കാരും ചേർന്ന്‌ ബസ്‌ തള്ളി മാറ്റി. ഇതിനിടെ കൂടുതൽ ബസുകൾ എത്തിയതോടെ വാഹനങ്ങൾ നിറഞ്ഞു. തൃശൂർ– പാലക്കാട്‌ ഭാഗങ്ങളിലേക്ക്‌ കിലോമീറ്ററോളം നാലും അഞ്ചും നിരകളായി വാഹനങ്ങളുടെ നീണ്ട നിരയായി. കുതിരാൻ താണ്ടാൻ യാത്രക്കാർക്ക്‌ മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നു. വർക്ക്‌ഷോപ്പിൽ നിന്നുള്ളവരെത്തി തകരാർ മാറ്റിയാണ്‌ ഉച്ചതിരിഞ്ഞ്‌ ലോറി മാറ്റിയത്‌. ഇതോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
വാഹനങ്ങൾ കുഴികളിൽ ചാടി മന്ദഗതിയിൽ വരുന്നത്‌ മൂലം വൈകിട്ട്‌ കുതിരാനിൽ വീണ്ടും കുരുക്ക്‌ രൂക്ഷമായി. വീണ്ടും കുതിരാൻ കുരുക്കിൽ വീർപ്പുമുട്ടി.

മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ റോഡ്‌ തകർന്ന്‌ മാസങ്ങൾ കഴിഞ്ഞിട്ടും കുഴിയടയ്‌ക്കാൻ നിർമാണ കമ്പനിയായ കെഎംസിയും ദേശീയപാത വിഭാഗവും തയ്യാറാകാത്തതാണ്‌ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്‌. കുഴികൾ അപകടക്കെണിയുമായി മാറി. 2009 മുതൽ 2019 വരെ 70 ൽ പരം യാത്രക്കാരാണ്‌ ഇവിടെ മരിച്ചത്‌. 400ലേറെ അപകടങ്ങളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News