വൻ തീരുവ ചുമത്തി; അമേരിക്കയും യൂറോപ്പും വ്യാപാരയുദ്ധത്തിലേക്ക്‌

യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 150 ഉത്പ്പന്നത്തിന്‌ 25 ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ നടപടിക്ക്‌ തിരിച്ചടി നൽകുമെന്ന്‌ യൂറോപ്യൻ യൂണിയൻ. എയർബസിന്‌ യൂറോപ്യൻ രാജ്യങ്ങൾ നൽകിവന്ന സബ്‌സിഡിക്കെതിരെ ലോക വ്യാപാര സംഘടനയിൽ(ഡബ്ല്യുടിഒ)നിന്ന്‌ ബുധനാഴ്‌ചയുണ്ടായ വിധിയുടെ മറവിലാണ്‌ അമേരിക്കൻ നടപടി. എയർബസ്‌ പങ്കാളികളിൽനിന്നുള്ള വിമാനങ്ങൾക്ക്‌ 10 ശതമാനം തീരുവ ഏർപ്പെടുത്തുന്നത്‌ കൂടാതെയാണ്‌ യൂറോപ്പിൽ നിന്നുള്ള മദ്യം, കമ്പിളിപ്പുതപ്പ്‌, ഒലിവെണ്ണ, ചീസ്‌ തുടങ്ങി സമസ്‌ത വിഭാഗങ്ങളിലുംപെടുന്ന 150 ഉൽപന്നത്തിന്‌ വൻ തീരുവ ചുമത്തിയത്‌. ഇതിന്റെ ഫലമായി അമേരിക്ക–-ചൈന വ്യാപാരയുദ്ധത്തെക്കാൾ വൻ പ്രത്യാഘാതമുണ്ടാക്കുന്ന വ്യാപാരയുദ്ധം അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും തമ്മിൽ ഉണ്ടാവുമെന്ന ആശങ്കയിലാണ്‌ ലോകം.

750 കോടി ഡോളറിന്റെ(53000 കോടിയിൽപ്പരം രൂപ) തീരുവകളാണ്‌ ഒറ്റയടിക്ക്‌ അമേരിക്ക യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക്‌ ചുമത്തിയിരിക്കുന്നത്‌. 18നാണ്‌ ഇത്‌ പ്രാബല്യത്തിലാകുന്നത്‌. ഇതിന്‌ തിരിച്ചടി നൽകുമെന്ന്‌ യൂറോപ്യൻ കമീഷൻ മുന്നറിയിപ്പ്‌ നൽകി. അമേരിക്കൻ ഉപഭോക്താക്കളെയും കമ്പനികളെയുമായിരിക്കും ഇത്‌ ആത്യന്തികമായി ബാധിക്കുകയെന്ന്‌ യൂറോപ്യൻ കമീഷൻ വക്താവ്‌ ഡാനിയൽ റൊസാരിയോ പറഞ്ഞു.
അമേരിക്ക ബോയിങ്ങിന്‌ നൽകുന്ന സബ്‌സിഡികൾക്കെതിരെ ഡബ്ല്യുടിഒയിലുള്ള കേസിൽ ഈമാസം അവസാനം വിധിയുണ്ടാകും.

എയർബസ്‌ കേസിലേതിന്‌ സമാനവിധി പ്രതീഷിക്കുന്ന യൂറോപ്യൻ കമീഷൻ അപ്പോൾ തിരിച്ചടി നൽകാനാണ്‌ നീക്കം. യൂറോപ്പും അമേരിക്കയും തമ്മിൽ കൂടുതൽ അടുത്ത വ്യാപാര–-വാണിജ്യ ബന്ധം ഉള്ളതിനാൽ ചൈനയുമായുള്ള വ്യാപാരയുദ്ധത്തെക്കാൾ അമേരിക്കയെ ബാധിക്കുന്നതായിരിക്കും യൂറോപ്പുമായുള്ളത്‌. യൂറോപ്യൻ യൂണിയനിലെ അമേരിക്കൻ നിക്ഷേപം അമേരിക്കയ്‌ക്ക്‌ ഏഷ്യയിലാകെയുള്ള നിക്ഷേപത്തിന്റെ മൂന്ന്‌ മടങ്ങിലധികമാണ്‌. അതുപോലെ യൂറോപ്യൻ രാജ്യങ്ങൾക്ക്‌ അമേരിക്കയിലുള്ള നിക്ഷേപം ചൈനയിലും ഇന്ത്യയിലും കൂടിയുള്ള യൂറോപ്യൻ നിക്ഷേപത്തിന്റെ എട്ടുമടങ്ങ്‌ വരും.

യൂറോപ്യൻ കാറുകൾക്ക്‌ നികുതി ചുമത്തുമെന്ന്‌ ഏറെക്കാലമായി യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഭീഷണി മുഴക്കുന്നു. വ്യാപാരയുദ്ധം മൂർച്ഛിച്ചാൽ അത്‌ സംഭവിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്‌. ട്രംപ്‌ ഭരണകൂടത്തിന്റെ നീക്കങ്ങൾ അമേരിക്കയിലും പ്രതിഷേധത്തിന്‌ ഇടയാക്കി.
മദ്യ ഇറക്കുമതിക്കാരുടെയും മൊത്തവിൽപ്പനക്കാരുടെയും സംഘം മദ്യത്തിന്‌ തീരുവകൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട്‌ തുറന്ന കത്ത്‌ ഇറക്കിയിട്ടുണ്ട്‌. സ്‌കോച്ചിനും വീഞ്ഞിനും മറ്റും ഏർപ്പെടുത്തുന്ന തീരുവ 340 കോടി ഡോളറിന്റെയും 13000 തൊഴിലിന്റെയും നഷ്‌ടം അമേരിക്കയ്‌ക്ക്‌ ഉണ്ടാക്കുമെന്നാണ്‌ അവർ കണക്കാക്കുന്നത്‌. ഇതിനിടെ ചൈനയിൽ നിന്നുള്ള അടുക്കള ക്യാബിനുകൾക്കും സിങ്കുകൾക്കും മറ്റും 440 കോടി ഡോളറിന്റെ തീരുവകൂടി അമേരിക്ക പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News