‘സ്‌നേഹത്തോടെ അവള്‍ ഊട്ടുമ്പോള്‍ അവരറിഞ്ഞിരുന്നില്ല ഇത് തങ്ങളുടെ കൊലച്ചോറാണെന്ന്’; കൂടത്തായി കൊലപാതക പരമ്പര; പ്രണയവും പകയും കലാശിച്ചത് അരും കൊലയില്‍

കൂടത്തായിയില്‍ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും ദുരൂഹമായ കൊല്ലപെട്ട സംഭവത്തിലെ തന്റെ പങ്ക് മരിച്ച ഗൃഹനാഥന്‍ ടോം തോമസിന്റെ മകന്‍ റോയിയുടെ ഭാര്യ ജോളി തുറന്ന് പറയുമ്പോള്‍ കൊലപാതക പരമ്പരയ്ക്ക് പിന്നിലെ വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണം ചുരുളഴിയുകയാണ്. കൂടത്തായി ടോം തോമസിന്റെ കുടുംബത്തെ ഇല്ലാതാക്കിയത് സ്ലോ പോയിസണിംഗെന്ന് അന്വേഷണ സംഘം. പതിയെപ്പതിയെ മരിക്കുന്ന തരത്തില്‍ ചെറിയ അളവില്‍ ഭക്ഷണത്തിലും മറ്റും ദേഹത്തില്‍ വിഷാംശം എത്തിച്ചതുകൊണ്ടാണ് ആറ് പേരും പല വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ചതെന്നും സയനൈഡ് ചെറിയ അളവില്‍ ദേഹത്ത് എത്തിയതാണ് മരണകാരണമെന്നുമാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ”സ്ലോ പോയിസണിംഗാണ് നടന്നിരിക്കുന്നത്. സയനൈഡാണ് നല്‍കിയത്. ഇതിന്റെ പിറകില്‍ പൊലീസ് വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്റെ അളവ്, എങ്ങനെ മിക്‌സ് ചെയ്തു എന്നിവയൊക്കെ വിശദമായി പരിശോധിച്ചിട്ടുണ്ട്. കഴിച്ചാല്‍ ഉടനെ മരിച്ചുപോകുന്ന തരത്തിലുള്ള വിഷമാണിത്. അനുബന്ധ തെളിവുകളും മൊഴികളും ഫൊറന്‍സിക് പരിശോധനാ ഫലവും ലഭിച്ചാല്‍ കേസ് ശക്തമാകും”, എന്ന് റൂറല്‍ എസ്പി കെ ജി സൈമണ്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണങ്ങളോടെ കുടുംബത്തിലെ ഓരോരുത്തരെയായി വകവരുത്തുകയായിരുന്നു. എന്നാല്‍ തന്നിലേക്ക് നീണ്ടേക്കാവുന്ന സംശയങ്ങളുടെ മുനയൊടിക്കാനും നാട്ടുകാരെ മരണങ്ങളിലെ സ്വാഭാവികത വിശ്വസനീയമായ രീതിയില്‍ ധരിപ്പിക്കാനും ജോളിയുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായിരുന്നു. എന്നാല്‍ അസാധരണമായ രീതിയില്‍ വര്‍ഷങ്ങളുടെ ഇടവേളകളില്‍ സമാനസാഹചര്യങ്ങളില്‍ എല്ലാവരും മരണപ്പെട്ടതും ഭര്‍തൃപിതാവിന്റെ സഹോദരപുത്രനെ വിവാഹം ചെയ്തതും ഒടുവില്‍ കുടുംബസ്വത്ത് കൈക്കലാക്കാന്‍ വ്യാജ രേഖ ചമച്ചതും മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന തരത്തിലുള്ള സംശയത്തിലേക്ക് കുടുംബാംഗങ്ങളെ എത്തിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മരിച്ച ടോം തോമസിന്റെ മകനും മരിച്ച റോയിയുടെ സഹോദരനുമായ റോജോ നല്‍കിയ പരാതിയാണ് ഒടുവില്‍ നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോ കഴിഞ്ഞ മാസം നാട്ടിലെത്തിയതോടെയാണ് മരണങ്ങള്‍ക്ക് പിന്നിലെയാണ് കൂട്ടമരണത്തിലെ ദുരൂഹത ഒന്നൊന്നായി പുറത്ത് വന്നത്.

നാട്ടിലെത്തിയ റോജോ താമരശ്ശേരി പൊലീസില്‍ നിന്ന് വിവരാവകാശ പ്രകാരം കുടുംബത്തിലെ മരണങ്ങളുടെയെല്ലാം വിശദാംശങ്ങളെടുത്തു. അതിന് ശേഷം, ഈ വിവരങ്ങളെല്ലാം ചേര്‍ത്ത് റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. കുടുംബത്തിലെ ഓരോരുത്തരുടെയും മരണം സംഭവിച്ച സാഹചര്യത്തില്‍ യുവതിയുടെ വ്യക്തമായ സാന്നിധ്യം പൊലീസിന് കണ്ടെത്താനായിരുന്നു. അന്വേഷണം യുവതിയിലേക്ക് നീണ്ടതിന് പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. ഇതോടെ അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കേസില്‍ പിടിമുറുക്കി. മരണപ്പെട്ട കുടുംബാംഗങ്ങളുടെ കല്ലറ തുറന്ന പരിശോധന നടത്തി. ഇതിനിടെ പരാതിക്കാരനായ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിങ്ങളുണ്ടായി. എന്നാല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച് ആറു പേരുടെ കല്ലറകള്‍ തുറന്നു പരിശോധിക്കുന്ന നപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് സാമ്പിളുകള്‍ ശേഖരിച്ചു. കോടഞ്ചേരി പള്ളിയില്‍ അടക്കിയ പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമടക്കം പരിശോധനയ്ക്ക് വിധേയമാക്കി. വടകര റൂറല്‍ എസ്പി കെജി സൈമണിന്റെ നേതൃത്വത്തിലാണ് കൂടത്തായിയിലും കോടഞ്ചേരിയിലും മൃതദേഹ പരിശോധന നടന്നത്.

അന്നമ്മ, ഭര്‍ത്താവ് ടോം തോമസ്, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു, ടോമിന്റെ സഹോദര പുത്രന്‍ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ എന്നിവരാണ് ഒരേ ലക്ഷണങ്ങളോടെ മരിച്ചത്. ക്രൈംബ്രാഞ്ചിന്റെ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരുപക്ഷെ ആരുമറിയാതെ പോകുമായിരുന്ന കൊടും ക്രൂരതയാണ് മറനീക്കി പുറത്ത് വരുന്നത്. കുടുംബത്തിലെ ഓരോരുത്തരെയായി കൊലപ്പെടുത്തിയ ശേഷം, ഭര്‍ത്താവിന്റെ അച്ഛന്റെ സഹോദരപുത്രനായ ഷാജു സ്‌കറിയയ്ക്ക് ഒപ്പം ജീവിക്കാനാണ് ജോളി ആഗ്രഹിച്ചത്. അതിനായി ജോളി അവസരങ്ങള്‍ കാത്തിരുന്നു. 2002ല്‍ ആട്ടിന്‍ സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് അന്നമ്മയാണ് ആദ്യം മരിച്ചത്. 2008ല്‍ ടോം തോമസ് മരിച്ചു. 2011ല്‍ കടലക്കറിയും ചോറും കഴിച്ച ഉടനായിരുന്നു റോയ് തോമസ് മരിച്ചത്. 2014ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു മരിച്ചു. പിന്നാലെ ഷാജുവിന്റെ 10 മാസം മാത്രം പ്രായമുണ്ടായിരുന്ന മകള്‍ അല്‍ഫോന്‍സയും മരിച്ചു. ഒടുവിലായി 2016ല്‍ ഷാജുവിന്റെ ഭാര്യ സിലിയും മരിച്ചു.

ഒടുവില്‍ എല്ലാ തടസ്സങ്ങളെയും നീക്കി ഷാജുവും ജോളിയും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ സമാനമായ മരണങ്ങളും സ്വത്തിന് വേണ്ടി ഇരുവരും ചേര്‍ന്നുണ്ടാക്കിയ വ്യാജരേഖകളും ജോളിയുടെ എല്ലാ ശ്രമങ്ങളും തകര്‍ത്തു. വ്യക്തി വൈരാഗ്യവും പ്രണയവും കൊടിയ ക്രൂരതയില്‍ കലാശിച്ചപ്പോള്‍ ജോളിയെക്കൂടാതെ ആരൊക്കെ നാടിനെ നടുക്കിയ കൊലപാതക പരമ്പരയ്ക്ക് പിന്നിലുണ്ടായിരുന്നു എന്നറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News