ആത്മഹത്യയ്ക്ക് ശ്രമിച്ച് ജോളി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ താന്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ പ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍.

രണ്ടാം ഭര്‍ത്താവ് ഷാജുവിനൊപ്പം താമസിക്കുന്ന കൂടത്തായിയിലെ വീട്ടില്‍ വച്ചാണ് ജോളി വെള്ളിയാഴ്ച രാവിലെയോടെ ആത്മഹത്യാ ശ്രമം നടത്തിയത്. സംഭവസമയത്ത് അവിടെ എത്തിയ ബന്ധുവാണ് ജോളിയെ രക്ഷപ്പെടുത്തിയത്. മരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ വരാന്‍ തുടങ്ങിയപ്പോള്‍ ജോളി അസ്വസ്ഥയായിരുന്നു. തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം.

ബന്ധുവായ ഒരു മുതിര്‍ന്ന സ്ത്രീയോട് ‘എനിക്ക് പറ്റിപ്പോയി’ എന്ന് പറഞ്ഞ് നടന്ന സംഭവങ്ങള്‍ ജോളി വിശദീകരിച്ചെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ ഈ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷം ഉദ്യോഗസ്ഥര്‍ ജോളിയെ ചോദ്യം ചെയ്തു.
തുടര്‍ന്ന് രാവിലെയോടെ ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം ജോളിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ ആറു പേരെയും സയനൈഡ് നല്‍കി കൊലപ്പെടുത്തിയത് താനാണെന്ന് ജോളി സമ്മതിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിന് പിന്നാലെയാണ് മറ്റു പ്രതികളായ മാത്യൂവിനെയും പ്രജുകുമാറിനെയും കസ്റ്റഡിയിലെടുത്തത്. ജോളിക്ക് സയനൈഡ് നല്‍കിയത് താനാണെന്ന് മാത്യു പൊലീസിനോട് സമ്മതിച്ചു.

16 വര്‍ഷം മുമ്പാണ് അറസ്റ്റിന് കാരണമായ ആദ്യമരണം നടക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ് ചെറിയ കുട്ടിയടക്കം മറ്റുള്ള അഞ്ചുപേരും മരിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യൂ മച്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്‍ പുലിക്കയത്തെ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകള്‍ അല്‍ഫിന്‍(2) എന്നിവരാണ് മരിച്ചത്.

ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് 2002ല്‍ ആദ്യം മരിച്ചത്. കുഴഞ്ഞ് വീണായിരുന്നു മരണം. തുടര്‍ന്ന് മറ്റുളളവരും സമാന സാഹചര്യത്തില്‍ മരിച്ചു. ആറ് വര്‍ഷം മുമ്പായിരുന്നു റോയി തോമസിന്റെ മരണം. സയനൈഡിന്റെ അംശം ആറു പേരുടെയും ശരീരത്തില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

റോയിയുടെ അമേരിക്കയിലുള്ള സഹോദരന്‍ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഇന്നലെയാണ് ആറുപേരുടേയും കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധനക്കായി പുറത്തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News