ഇന്ത്യന്‍ ക്രിക്കറ്റിലെ ‘ഹിറ്റ്മാന്‍’ രോഹിത് ശര്‍മ ടെസ്റ്റ് ഓപ്പണറായുള്ള അരങ്ങേറ്റം അവിസ്മരണീയമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും രോഹിത് സെഞ്ചുറി നേടി. 133 പന്തില്‍ നിന്നാണ് രോഹിത് തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി കുറിച്ചത്.

149 പന്തുകളില്‍ നിന്നായി രോഹിത് ആകെ നേടിയത് 127 റണ്‍സാണ്. 10 ഫോറും ഏഴു പടുകൂറ്റന്‍ സിക്‌സറുകളും ഇന്നിങ്സിനെ കൂടുതല്‍ മനോഹരമാക്കി. കേശവ് മഹാരാജെന്ന സ്പിന്നറുടെ പന്തില്‍ സ്റ്റംപ് ചെയ്യപ്പെട്ടതോടെ ആ ഇന്നിങ്സിന് വിരാമമായി. ഓപ്പണറെന്ന നിലയില്‍ അരങ്ങേറ്റത്തില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന ആദ്യ താരമാണ് രോഹിത് ശര്‍മ.

ഇന്ത്യന്‍ മണ്ണില്‍ തുടര്‍ച്ചയായ ഏഴാം ഇന്നിങ്‌സിലാണ് രോഹിത് 50 കടക്കുന്നത്. ഇന്ത്യന്‍ മണ്ണില്‍ തുടര്‍ച്ചയായി ഏഴ് ഇന്നിങ്‌സുകളില്‍ അര്‍ദ്ധശതകം നേടുന്ന ആദ്യ താരം കൂടിയാണ് രോഹിത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 323 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 394 റണ്‍സ് ലീഡായി. വിരാട് കോഹ്ലിയും(31) രഹാനെയും(27)പുറത്താകാതെ നിന്നു. മായങ്ക് അഗര്‍വാള്‍ (7), ചേതേശ്വര്‍ പൂജാര (81), ജഡേജ(40) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.