മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് 2 കമ്പനികള്‍ മാത്രം പരിഗണനയിലെന്ന് സബ് കളക്ടര്‍ സ്റ്റേഹില്‍ കുമാര്‍ സിങ്ങ്.ഈ കമ്പനികള്‍ ഏതൊക്കെയെന്ന് 9 ന് തീരുമാനിക്കും.11 ന് ഫ്‌ലാറ്റുകള്‍ കമ്പനികള്‍ക്ക് കൈമാറും.ജനുവരി 9ന് മുമ്പ് നിയന്ത്രിയ സ്ഥോടനത്തിലൂടെ ഫ്‌ലാറ്റുകള്‍ സമ്പൂര്‍ണ്ണമായി പൊളിച്ചുമാറ്റും. പൊളിക്കാന്‍ സന്നദ്ധതയറിയിച്ചെത്തിയ കമ്പനികളുമായും സാങ്കേതിക വിദഗ്ധരുമായും കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് സബ്ബ്കളക്ടര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കാന്‍ സന്നദ്ധതയറിയിച്ച് 7 കമ്പനികളാണ് ഇന്ന് സബ്ബ് കളക്ടര്‍ സ്‌നേഹില്‍ കുമാറുമായി മരട് നഗരസഭയില്‍വെച്ച് കൂടിക്കാഴ്ച്ച നടത്തിയത്.കമ്പനികളുടെ സാങ്കേതിക വൈദഗ്ധ്യം പ്രവൃത്തി പരിചയം തുടങ്ങി മുഴുവന്‍ കാര്യങ്ങളും കൂടിക്കാഴ്ച്ചയില്‍ വിലയിരുത്തി.സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച്ച.ഇതിനു ശേഷമാണ് പൊളിക്കാനുള്ള കര്‍മ്മപദ്ധതിയെക്കുറിച്ച് സബ്ബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്.

ഇന്നത്തെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഒന്നോ രണ്ടോ കമ്പനികളെയായിരിക്കും പൊളിക്കാന്‍ ചുമതലപ്പെടുത്തുക.ആ കമ്പനികള്‍ ആരൊക്കെയെന്ന് 9ന് സര്‍ക്കാര്‍ തീരുമാനിക്കും.11 ന് ഫ്‌ലാറ്റുകള്‍ കമ്പനികള്‍ക്ക് കൈമാറും.15 ദിവസത്തിനുള്ളില്‍ പൊളിക്കുന്നതു സംബന്ധിച്ച സമഗ്രവിവരം കമ്പനികള്‍ സര്‍ക്കാരിനെ അറിയിക്കണം.ഇതിനു ശേഷമായിരിക്കും കമ്പനികളുമായി പൊളിക്കാനുള്ള കരാര്‍ ഒപ്പുവെക്കുക.തുടര്‍ന്ന് പൊളിക്കാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങും.ഘട്ടം ഘട്ടമായി ഓരോരോ ഭാഗങ്ങള്‍ പൊളിച്ചു നീക്കും.

ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ പ്രവൃത്തികള്‍ക്കു ശേഷം ജനുവരി 9ന് മുമ്പ് നിയന്ത്രിയ സ്ഥോടനത്തിലൂടെ ഫ്‌ലാറ്റുകള്‍ സമ്പൂര്‍ണ്ണമായി പൊളിച്ചുമാറ്റും.അതേ സമയം ഫ്‌ലാറ്റുകളുടെ ബേസ് മെന്റില്‍ സ്‌ഫോടനം നടത്താന്‍ അനുവദിക്കില്ല. സ്‌ഫോടനം നടത്താന്‍ നിശ്ചയിക്കുന്ന ദിവസം 6 മണിക്കൂര്‍ നേരത്തേക്ക് 200 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കും. ഫ്‌ലാറ്റ് പൊളിക്കുന്നതിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.അതേ സമയം ഫ്‌ലാറ്റുകളില്‍ നിന്ന് പൂര്‍ണ്ണമായി താമസക്കാര്‍ ഒഴിഞ്ഞിട്ടുണ്ട്.140 ഫ്‌ലാറ്റുകള്‍ക്ക് ഉടമസ്ഥാവകാശ രേഖയില്ല.അതിനാല്‍ ഇവരുടെ നഷ്ടപരിഹാരം ജ.ബാലകൃഷ്ണന്‍ നായര്‍ സമിതിയായിരിക്കും തീരുമാനിക്കുക.