വിടി കുമാരന്‍ ഫൗണ്ടേഷന്‍ അവാര്‍ഡിന് കെവി ശരത്ചന്ദ്രന്റെ വിതയ്ക്കുന്നവന്റെ ഉപമ എന്ന നാടക കൃതി അര്‍ഹമായി

വിടി കുമാരന്‍ ഫൗണ്ടേഷന്‍ അവാര്‍ഡിന് കെവി ശരത്ചന്ദ്രന്റെ വിതയ്ക്കുന്നവന്റെ ഉപമ എന്ന നാടക കൃതി അര്‍ഹമായി.

ഹത്യ, വിതയ്ക്കുന്നവന്റെ ഉപമ എന്നീ രണ്ട് പ്രക്ഷേപണ നാടകങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. മടപ്പള്ളി ഹൈസ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ പത്തിന് കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന വിടി കുമാരന്‍ അനുസ്മരണ ചടങ്ങില്‍ രാവിലെ പത്തുമണിക്ക് അക്കാമദി വൈസ് പ്രസിഡണ്ട് ഡോ. ഖദീജാ മുംതാസ് പുരസ്‌കാരം നല്‍കും.

കാലികപ്രസക്തിയുള്ള പ്രമേയം സൗന്ദര്യശാസ്ത്രപരമായ പരീക്ഷണങ്ങളിലൂടെ മൗലികമായ വ്യത്യസ്തത പുലർത്തി അനന്വയമായ മികവോടെ അവതരിപ്പിക്കുന്നുവെന്നതാണ് ഈ കൃതിയുടെ സവിശേഷത.

പ്രൊസീനിയം അരങ്ങ് സ്ഥലകാലങ്ങളെക്കുറിച്ച് പുലർത്തിയ ധാരണകൾ ആധുനികതയുടെ കടന്നുവരവോടെ മാറ്റിമറിക്കപ്പെടുന്നുണ്ട്.

അരങ്ങിലെ നാടകത്തിന്റെ ശബ്ദരേഖയാണ് റേഡിയോ നാടകമെന്ന ധാരണയും മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ പരിണാമങ്ങൾക്ക് ചുവടൊപ്പിച്ച് പ്രക്ഷേപണനാടകത്തിൽ കെ. വി. ശരത്ചന്ദ്രൻ നടത്തിയ ധീരപരിശ്രമങ്ങളാണ് ഈ നാടകങ്ങൾ.

വർത്തമാന കാലമലയാളനാടകവേദി ആവശ്യപ്പെടുന്ന സൗന്ദര്യശാസ്ത്രപരമായ അന്വേഷണങ്ങൾ എന്ന നിലയിൽ മാത്രമല്ല പ്രക്ഷേപണനാടകവും രംഗവേദിയും തമ്മിലുള്ള അകലം ഇല്ലാതാക്കുന്ന രചനകൂടിയാണ്.

കണ്ണൂര്‍ ആകാശവാണിയില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവായ കെവി ശരത്ചന്ദ്രന്‍ നീലേശ്വരം സ്വദേശിയാണ്. ശാന്ത സമുദ്രം, ഒറ്റ, വിതയ്ക്കുന്നവന്റെ ഉപമ എന്നീ റേഡിയോ നാടകങ്ങള്‍ക്ക് ആകാശവാണിയുടെ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

തിലകന്‍ തനിച്ച് അഭിനയിച്ച ഒറ്റ, ആറ് കഥാപാത്രങ്ങള്‍ക്ക് ചലചിത്ര നടന്‍ സിദ്ദിഖ് ശബ്ദഭാവം നല്‍കിയ വിതയ്ക്കുന്നവരുടെ ഉപമ എന്നിവ ജനപ്രീതി നേടിയ രചനകള്‍ എന്നത്‌പോലെ കലാപരമായ ധാര പരീക്ഷണങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News